green

തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒരു പച്ചത്തുരുത്ത് എന്ന ലക്ഷ്യവുമായി ആയുർവ്വേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ നക്ഷത്രവന പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്ര അങ്കണത്തിൽ തൈകൾ നട്ടുപിടിപ്പിച്ച് ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്‌കുമാർ, മെമ്പർമാരായ സി.ജി. കുഞ്ഞുമോൻ, കെ.രാജപ്പൻ, രാജശ്രീ, അജിതാ ഗോപി, റേച്ചൽ ബേബി, സൂസൻ ജോർജ്ജ്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വേണുഗോപാൽ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ജന്മനക്ഷത്ര തൈകൾ നട്ടുപിടിപ്പിക്കാൻ അവസരം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.