പത്തനംതിട്ട- ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മർത്തോമ്മ വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യം വേഗത്തിൽ മെച്ചപ്പെടട്ടേയെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിലെത്തി വലിയ മെത്രാപ്പൊലീത്തയെ സന്ദർശിക്കുകയായിരുന്നു ഗവർണർ. ക്രിസോസ്റ്റത്തിന്റെ കൈയിൽ മുത്തമിട്ടാണ് ഗവർണർ സ്‌നേഹസംഭാഷണം ആരംഭിച്ചത്. സംഭാഷണത്തിനിടെയാണ് ആരോഗ്യം മെച്ചപെടട്ടേയെന്ന് ആശംസിച്ചത്. ഇതിനിടെ ക്രിസോസ്റ്റത്തിന്റെ കൈയൊപ്പ് രേഖപ്പെടുത്തിയ 'ചിരിയുടെ വലിയ മെത്രാപ്പോലീത്ത' എന്ന പുസ്തകം ഗവർണർക്ക് അദ്ദേഹം സമ്മാനിച്ച് ആശിർവദിക്കുകയും സഭയുടെ ആശംസകൾ നേരുകയും ചെയ്തു.
മർത്തോമ സഭ പ്രളയാനന്തര ഭവന നിർമ്മാണ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഈ പരിപാടിയിൽ പങ്കെടുക്കുവാൻ കഴിയില്ലെന്ന് അറിയിച്ച ക്രിസോസ്റ്റത്തെ ചടങ്ങിന് മുമ്പ് ഗവർണർ സന്ദർശിക്കുകയായിരുന്നു.
സഭാദ്ധ്യക്ഷൻ ജോസഫ് മർത്തോമ്മ മെത്രാപ്പൊലീത്ത, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സെക്രട്ടിയും കോഴിക്കോട് മുൻ ജില്ലാ കളക്ടറുമായ പി.ബി സലിം, ജില്ലാ കളക്ടർ പി.ബി.നൂഹ്, സെക്രട്ടറി ബിനു വർഗീസ്, ഡോ.രാജു പി.ജോർജ്, ഡോ. കൃപ അന്ന വർഗീസ്, ഫെലോഷിപ്പ് മിഷൻ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ പി.ടി ഫിലിപ് എന്നിവരും ഒപ്പമുണ്ടായിരുന്നു