തിരുവല്ല: പ്രളയ ദുരന്തബാധിതരുടെ ദുഃഖത്തിൽ പങ്കുചേർന്ന് അവർക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകിയ മാർത്തോമാ സഭയുടെ പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാർത്തോമ്മാ സഭയുടെ പ്രളയദുരിതാശ്വാസ ഭവന പദ്ധതിയുടെ ഉദ്ഘാടനവും താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളേയും പ്രളയാനന്തര ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമാക്കിയതിൽ സന്തോഷമുണ്ട്. ഓരോ കുടുംബത്തിനും നൽകിയ താക്കോൽ സുരക്ഷിതവും ആത്മവിശ്വാസത്തോടെയുള്ള ജീവിതത്തിനായുള്ള ഭാവിയുടെ താക്കോലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തെ മലയാളികൾ ഒറ്റക്കെട്ടായി നേരിട്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സഭാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ഭവന നിർമ്മാണത്തിന് എട്ടുകോടിയും പുനർ നിർമ്മാണത്തിന് രണ്ടരക്കോടി രൂപയുമാണ് ദുരിതം അനുഭവിച്ച സഹോദരങ്ങൾക്കായി സഭ മാറ്റിവച്ചത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്കാണു വീട് നിർമ്മിച്ചു നൽകിയത്. ആയിരത്തോളം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 102 പേരെയാണു പദ്ധതിയുടെ ഭാഗമാക്കിയത്. ഇതിന് പുറമെ ഭാഗികമായി തകർന്ന വീടുകളും പുനർനിർമ്മിച്ച് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി കെ.ജി ജോസഫ്, ചണ്ഡീഗർ മുൻ ചീഫ് സെക്രട്ടറി ജോയ് ഉമ്മൻ, സഭാ ഖജാൻജി പി.പി അച്ചൻകുഞ്ഞ്, സഭാ അംഗം ജോൺ എബ്രഹാം, മുൻ രാജ്യസഭാംഗം പി.ജെ കുര്യൻ എന്നിവർ പ്രസംഗിച്ചു.