പത്തനംതിട്ട: ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിൽ വി.മുരളീധരന്റെ പക്ഷത്തിന് മേൽക്കൈ. റാന്നി, കോന്നി, അടൂർ, തിരുവല്ല മണ്ഡലങ്ങളിൽ മുരളീധരപക്ഷത്തുളളവർ പ്രസിഡന്റുമാരായി. ആറൻമുളയിലെ പ്രസിഡന്റ് സ്ഥാനം കൃഷ്ണദാസ് പക്ഷത്തിന് ലഭിച്ചു. റാന്നിയിലും കോന്നിയിലും ആറൻമുളയിലും നിലവിലെ പ്രസിഡന്റുമാർ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ നിന്നുളള പ്രതിനിധികളിൽ ഭൂരിപക്ഷവും മുരളീധരപക്ഷമാണ്.
കോന്നിയിൽ നിലവിലെ മണ്ഡലം പ്രസിഡന്റ് ജി.മനോജ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഭിപ്രായ രൂപീകരണ സമയത്ത് കൃഷ്ണദാസ് പക്ഷത്തെ എ.ആർ.രാജേഷിന്റെ പേരും നിർദേശിക്കപ്പെട്ടു. വോട്ടു കൂടുതൽ ലഭിച്ചത് മനോജിനാണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തംഗമാണ്.
റാന്നിയിലെ നിലവിലെ പ്രസിഡന്റ് ഷൈൻ ജി.കുറുപ്പിന് എതിരില്ളായിരുന്നു. ആറൻമുളയിൽ കൃഷ്ണദാസ് പക്ഷത്തെ അഭിലാഷ് ഒാമല്ലൂർ വീണ്ടും പ്രസിഡന്റായി. അഭിപ്രായ വോട്ടെടുപ്പിൽ മുരളീധര പക്ഷത്തെ അശോക് കുമാറിനേക്കാൾ മുന്നിലെത്തിയത് അഭിലാഷാണ്. അശോക് കുമാറിന് ജില്ലാ ഭാരവാഹിത്വം വാഗ്ദാനം ചെയ്തതായി അറിയുന്നു.
തിരുവല്ലയിൽ വോട്ടെടുപ്പിൽ കൃഷ്ണദാസ് പക്ഷത്തെ വിനോദ് തിരുമൂലപുരമാണ് മുന്നിലെത്തിയത്. എന്നാൽ, ആർ.എസ്.എസ് നിർദേശിച്ച മുരളീധര പക്ഷത്തെ ശ്യാം മണിപ്പുഴയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ വിനോദ് തിരുമൂലപുരത്തിന് മുപ്പത്തിയൊന്നും ശ്യാം മണിപ്പുഴയ്ക്ക് 19വോട്ടുമാണ് ലഭിച്ചത്.
-------------------------
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരത്തിന് സാദ്ധ്യത
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേർ രംഗത്തുണ്ട്. മുരളീധര പക്ഷത്ത് നിന്ന് നിലവിലെ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായരുടെയും ജില്ലാ വൈസ് പ്രസിഡന്റ് വി.എ സൂരജിന്റെയും പേരുകൾ കേൾക്കുന്നു. കഴിഞ്ഞ തവണ ആർ.എസ്.എസ് നിർദേശിച്ച് പ്രസിഡന്റായ അശോകൻ കുളനട വീണ്ടും മത്സരിച്ചേക്കും. ഇൗ മാസം പതിനഞ്ചോടെ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കും. ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് 55വയസും മണ്ഡലം പ്രസിഡന്റ് സ്ഥാനത്തിന് 45വയസുമാണ് പ്രായപരിധി.