കോന്നി :വനം കൊള്ള തടയാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച വനം വകുപ്പിന്റെ അതുമ്പുംകുളം ചെക്ക് പോസ്റ്റ് നിറുത്തലാക്കി.വനം വകുപ്പ് വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള നടപടി.സംസ്ഥാനത്ത് വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇതര ചെക്കുപോസ്റ്റുകൾ നിറുത്തലാക്കുന്ന കൂട്ടത്തിലാണ് അതുമ്പുംകുളത്തെയും ഉൾപ്പെടുത്തിയത്.കോന്നി റേഞ്ചിലെ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിണ് ഈ ചെക്കുപോസ്റ്റ് പ്രവർത്തിച്ചിരുന്നത്.വനം കൊള്ളയും മൃഗവേട്ടയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ഈ ചെക്ക് പോസ്റ്റ് മൂലം സാധിച്ചിരുന്നു.എന്നാൽ കോന്നി വനം ഡിവിഷന്റെ പാടം,കല്ലേലി തുടങ്ങിയ ചെക്കുപോസ്റ്റുകൾ നിറുത്തലാക്കില്ല.
വാഹനങ്ങൾപരിശോധിച്ചിരുന്നു
അതുമ്പുംകുളം ജംഗ്ഷന് സമീപം വാടക കെട്ടിടവും ദിവസ വേതന അടിസ്ഥാനത്തിൽ വാച്ചറെയും നിയമിച്ചാണ് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്.രാത്രികാലങ്ങളിൽ വനമേഖലയായ എലിമുള്ളുംപ്ളാക്കൽ, ആവോലിക്കുഴി, തണ്ണിത്തോട്, മണ്ണീറ,തേക്കുതോട്,ചിറ്റാർ,സീതത്തോട്,ആങ്ങമൂഴി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രികാലങ്ങളിൽ പോകുന്നതും തിരികെ വരുന്നതുമായ വാഹനങ്ങൾ പരിധോധിക്കുകയും നമ്പർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.വനം വകുപ്പിന്റെ ചെലവു ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ഈ നടപടി.
പ്രവർത്തനാനുമതി തേടി കത്തയച്ചു
മൃഗവേട്ടയും വനം കൊള്ളയും വ്യാപകമാരുന്ന കാലത്താണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. ഇതു മൂലം ഇവയ്ക്ക് തടയിടാനും ഒരു പരിധിവരെ സാധിച്ചിരുന്നു.ചെക്ക് പോസ്റ്റ് നിറുത്തലാക്കാൻ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് പ്രവർത്തനാനുമതി തേടി കോന്നി ഡി.എഫ്.ഒ ഹെഡ് ക്വാർട്ടേഴിസിലേക്ക് കത്ത് അയച്ചിട്ടുണ്ട്.എന്നാൽ അനുകൂല നടപടി ഉണ്ടാകില്ലെന്നാണ് അറിയുന്നത്. വനത്തിലെ തടികൾ രാത്രിയിൽ കൊണ്ടുപോകുന്നത് തടയാൻ അതുമ്പുംകുളത്തെ ചെക്ക് പോസ്റ്റ് സഹായകരമായിരുന്നു.ഇത് ഇല്ലാതായാൽ വീണ്ടും തടി കടത്തലും വനം കൊള്ളയും മൃഗ വേട്ടയും വ്യാപകമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വനത്തിനുള്ളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായേക്കാമെന്ന് നാട്ടുകാർ പറയുന്നു.
ചെക്ക്പോസ്റ്റ് നിറുത്തലാക്കിയ നടപടി പിൻവലിക്കണം.ഇത് വനം കൊള്ളയും മൃഗവേട്ടയും സാമൂഹ്യവിരുദ്ധ ശല്യവും വീണ്ടും വ്യാപകമാക്കും.ഡി.എഫ്.ഒ, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ബിജി.കെ.വർഗീസ് (വാർഡ് മെമ്പർ)
ചെക്ക് പോസ്റ്റ് നിറുത്തിയാൽ ദോഷങ്ങൾ
-തടി കടത്തലും വനം കൊള്ളയും മൃഗ വേട്ടയും വ്യാപകമാകും
-വനത്തിനുള്ളിൽ സാമൂഹ്യവിരുദ്ധ ശല്യം
- രാത്രികാലങ്ങളിലുള്ള വാഹന പരിശോധന ഇല്ല