തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ അഴിമതിയെന്ന് ആരോപിച്ച്‌ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. എൽ.ഡി.എഫ്. ഭരണസമിതിയിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരേയാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. ഇടത് - വലത് പക്ഷങ്ങൾക്ക് ഏഴ് സീറ്റ് വീതം ലഭിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇടതുപക്ഷത്തോടൊപ്പം ചേർത്തുനിറുത്തിയാണ് ഭരണം പിടിച്ചെടുത്തത്. സ്വതന്ത്രനായി മത്സരിച്ച സുരേഷ് തോമസിന് കുറച്ചുകാലം പ്രസിഡന്റ് സ്ഥാനം നൽകുമെന്ന ധാരണയുണ്ടെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച്ച നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ എൽ.ഡി.എഫിന് ഒരു സീറ്റുകൂടി ലഭിച്ച് വലിയ ഒറ്റകക്ഷിയായി മാറി. സ്വതന്ത്രന്റെ പിന്തുണ ഇല്ലെങ്കിലും എൽ.ഡി.എഫിന് ഭരണം നിലനിറുത്താനാകും. എൽ.ഡി.എഫ് - 8, യു.ഡി.എഫ് - 6, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. യു.ഡി.എഫ് റിബലായി മത്സരിച്ച് ജയിച്ച സുരേഷ് തോമസാണ് സ്വതന്ത്രൻ.