ആലപ്പുഴ: വേനലിങ്ങെത്തിയില്ല. അതിന് മുൻപേ കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ് കുട്ടനാട്. നിരവധി മേഖലകളിൽ കുടിവെള്ളം എത്തുന്നില്ല. ജലാശയങ്ങളിലെ വെള്ളവും വറ്റിയ അവസ്ഥയാണ്. പ്രളയത്തിന് ശേഷം പരമ്പരാഗത ജലസ്രോതസുകൾ വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്ന സ്ഥിതിയാണ് കുട്ടനാട്ടിൽ.
കുട്ടനാട്ടിൽ പുഞ്ച കൃഷി തുടങ്ങിയ സമയത്ത് തണ്ണീർമുക്കം ബണ്ട് അടച്ചതാണ് നിലവിലെ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കിയത്. കുട്ടനാട്ടിലെ ജലാശയങ്ങളിൽ വന്നുചേരുന്ന വെള്ളം കെട്ടിക്കിടന്ന് ഒഴുക്ക് നിലച്ച സ്ഥിതിയിലാണ്. പാടശേഖരങ്ങളിലെ രാസവസ്തു കലർന്ന വെള്ളവും പോളയും അടിഞ്ഞ് മലിനീകരണമാണ്. വേനൽക്കാലം ആരംഭിച്ചതോടെ വെള്ളം ബാഷ്പീകരിച്ച് കുറുകിയ നിലയിലാണ്. വെള്ളത്തിന്റെ സാധാരണ നൈർമല്യം മാറി തടിപ്പ് കൂടുതലാണ്. ഇത് കാരണം മിക്ക പഞ്ചായത്തുകളിലും ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും വടക്കൻ മേഖലയായ നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലെ സ്ഥിതി ഏറെ ദയനീയമാണ്. ഒഴുക്ക് നിലച്ച് പോളയും മാലിന്യങ്ങളും നിറഞ്ഞ ആറുകളിലെയും തോടുകളിലെയും വെള്ളമാണ് ഇവിടങ്ങളിൽ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതോടെയാണ് ഈ പ്രശ്നം ഉടലെടുത്തതെന്ന് നാട്ടുകാർ പറയുന്നു, പൈപ്പുലൈനുകൾ തകരാറിൽ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് സ്വകാര്യ വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളം ലിറ്ററിന് രണ്ട് രൂപ വരെ നൽകിയാണ് വാങ്ങുന്നത്. മുൻകാലങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലം ലഭ്യമായിരുന്ന പ്രദേശങ്ങളിൽ പോലും ഇപ്പോൾ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ആറിനു കുറുകെ ഇട്ടിരിക്കുന്ന പൈപ്പുലൈനുകൾ തകരാറിലായതാണ് കാരണം.