പത്തനംതിട്ട : വാദ്യോപകരണങ്ങളില്ലാതെ പാട്ടിനൊപ്പം വിരലുകളിൽ താളശബ്ദമുണ്ടാക്കി വിസ്മയമാവുകയാണ് വള്ളിക്കോട് സ്വദേശി ശ്യം.എം എന്ന ഇരുപത്തിരണ്ടുകാരൻ. വിരലുകൾ മാത്രം ഉപയോഗിച്ച് ശ്യാം താളമിടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാണ്.ഫിംഗർ ഡ്രം എന്നാണ് ശ്യാം തന്നെ ഇതിന് പേര് നൽകിയിരിക്കുന്നത്.ലോകത്തിൽ ഇതുവരെ മറ്റാരും ഇത് പരീക്ഷിച്ചിട്ടില്ലെന്നും ശ്യാം പറയുന്നു. ആറാം ക്ലാസ് മുതലാണ് വിരലുകൾ കൊണ്ട് താളമിടാൻ തുടങ്ങിയത്.പിന്നീട് സ്വന്തമായി പ്രയത്നിക്കുകയായിരുന്നു. പാട്ടുകളോടൊപ്പവും മറ്റ് വാദ്യോപകരണങ്ങളൊടൊപ്പവും താളം പിടിക്കുക പതിവായപ്പോഴാണ് കൂട്ടുകാരും ശ്രദ്ധിച്ച് തുടങ്ങിയത്.അതായിരുന്നു വഴിത്തിരിവ്.അവർ വീഡിയോ പിടിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ ശ്യാം ശ്രദ്ധേയനായി. ഇപ്പോൾ നിരവധി വേദികളിൽ ഫിംഗർ ഡ്രം അവതരിപ്പിച്ചു കഴിഞ്ഞു ശ്യാം. അറേബ്യൻ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം പിടിക്കുകയും ചെയ്തിരിക്കുകയാണ് ഈ മിടുക്കൻ.നിരവധി ചാനൽ ഷോകളിലും താരമാണ് ശ്യാം.ഘടം വായിക്കാൻ അറിയാം.പാട്ട് പഠിച്ചിട്ടില്ല.തിരുവനന്തപുരം സ്റ്റാച്യൂ മൈക്ക് വേദിയിലാണ് അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ് നേടാൻ സാധിച്ച വീഡിയോ അവതരിപ്പിച്ചത്.ആറ് മിനിറ്റ് വരെ മാത്രമേ ചെയ്യാൻ പറ്റൂ.വിരലുകൾ വേദനിക്കുന്നതാണ് കാരണം.ഇപ്പോൾ പരിശീലനം നടത്തുന്നുണ്ട്.പത്തനംതിട്ട വള്ളിക്കോട് സ്വദേശിയും സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത വി.എസ് മുരളീധരൻ നായർ, എസ്.എസ്.കെ പത്തനംതിട്ട ബി.ആർ.‌സി അദ്ധ്യാപികയുമായ എൻ.പത്മകുമാരിയുടേയും മക്കളിൽ ഇളയവനാണ് ശ്യാം.ശരൺ,ശരത് എന്നിവരാണ് സഹോദരങ്ങൾ.കേരള യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിദ്യാർത്ഥിയാണ്.