പെരിങ്ങനാട് : അമ്യൂസ്മെന്റ് പാർക്കുകളും വെള്ളച്ചാട്ടങ്ങളുമൊക്കെ കണ്ടുമടുത്ത വിദ്യാർത്ഥികൾക്കായി പുതിയൊരു യാത്രാനുഭവം ഒരുക്കുകയാണ് പെരിങ്ങിനാട് സ്കൂളിലെ പൂർവവിദ്യാർത്ഥി സമൂഹം. അമേരിക്കൻ കമ്പനിയായ കരീബിയൻ ഇൻറർനാഷണലിന്റെ സെലിബ്രിറ്റി കോൺസ്റ്റലേഷൻ എന്ന കപ്പലിൽ 11ന് പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥി സംഘം സന്ദർശനം നടത്തും. ആഡംബരത്തിനും സഞ്ചാരസൗകര്യങ്ങൾക്കും പേരുകേട്ടവയാണ് ആധുനിക ഉല്ലാസക്കപ്പലുകൾ അഥവാ ക്രൂയിസ് ലൈനുകൾ. ദുബായിൽ നിന്ന് യാത്രതിരിച്ച കപ്പൽ, മസ്കറ്റ്, മുംബൈ, ഗോവ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് കൊച്ചിയിലെത്തുന്നത്. തുടർന്ന് കൊളംബോ, തായ്‌ലൻഡ് വഴി സിംഗപ്പൂരിലാണ് യാത്ര അവസാനിക്കുന്നത്. കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത് കപ്പലിലെ പഞ്ചനക്ഷത്ര സംവിധാനമുള്ള റസ്റ്റോറന്റിലാണ്.
ഷിപ്പിംഗ് മേഖലയിലേയും ഹോട്ടൽ മാനേജ്മെന്റ് മേഖലയിലേയും തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും കപ്പലിന്റെ പ്രവർത്തന സംവിധാനത്തെക്കുറിച്ചും കുട്ടികളെ മനസിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ യു.എസ് റീജിയൻ ഭാരവാഹിയും കപ്പലിലെ ഉദ്യോഗസ്ഥനുമായ സന്തോഷ് ജോസഫാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബി, പ്രിൻസിപ്പൽ സുധാ മധു, ഹെഡ്മിസ്ട്രസ് സുജാകുമാരി, വിജയകുമാർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും. നേരത്തേ കുട്ടികൾക്കായി സൗജന്യ വിമാനയാത്രയും മെട്രോ യാത്രയും പൂർവ്വ വിദ്യാർത്ഥി സംഘടന ഒരുക്കിയിരുന്നു.
ഭക്ഷണത്തിന് ഏറെ പ്രാധാന്യം
കൊളോമ്പോക്കാരനായ ഷെഫ് വിജയുടെ നേതൃത്വത്തിൽ മുന്നൂറോളം ഷെഫുമാരാണ് കപ്പലിലുള്ളത്. പതിന്നാലുദിവസത്തെ യാത്രയ്ക്ക് 17000 കിലോ ബീഫും 3500 കിലോ മട്ടണും 7000 കിലോ കോഴിയിറച്ചിയും വേണ്ടിവരും. പാൽ 15000 ലിറ്ററും കോഴിമുട്ട ഒരു ലക്ഷത്തിലേറെയുമാണ് ആവശ്യമുള്ളത്.
കപ്പൽ എന്ന വിസ്മയം
ആയിരം അടി നീളവും 13 നിലകളും
യാത്രക്കാർ : 2400
ജീവനക്കാർ : 1000
വിനോദയാത്രസംഘം: 42
വിശാലങ്ങളായ തീൻമുറികൾ, നീന്തൽക്കുളങ്ങൾ, ആയിരത്തിലധികം പേർക്കിരിക്കാവുന്ന തീയേറ്റർ, വിശാലമായ ഷോപ്പിംഗ് ഏരിയ, കാസിനോ, പല രാജ്യങ്ങളിലെ ഭക്ഷണമൊരുക്കുന്ന റെസ്റ്റോറന്റുകൾ, തായ് മുതൽ ആയുർവേദ മസാജ് വരെ നൽകുന്ന സ്‌പാ, ആധുനിക കളിക്കളങ്ങളും ജിംനേഷ്യങ്ങളും.