പത്തനംതിട്ട: കേരള കോൺഗ്രസ് എമ്മിലെ ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ പത്തനംതിട്ട നഗരസഭയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടപ്പെട്ടു.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ശോഭ കെ. മാത്യു നറുക്കെടുപ്പിലൂടെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി. കേരള കോൺഗ്രസ് എമ്മിലെ ബിജിമോൾ മാത്യു രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. കേരള കോൺഗ്രസ് എമ്മിലെ ധാരണപ്രകാരം പാർട്ടിയിലെ തന്നെ മറ്റൊരു അംഗമായ ഷൈനി ജോർജിനെ അദ്ധ്യക്ഷയാക്കുന്നതിനുവേണ്ടിയാണ് ബിജിമോൾ സ്ഥാനം രാജിവച്ചത്. ഇതേത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. അഞ്ചംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് എമ്മിലെ ഷൈനി ജോർജ്, ദീപു ഉമ്മൻ, കോൺഗ്രസിലെ ഗീതാ സുരേഷ് എന്നിവരും എൽ.ഡി.എഫിൽ നിന്ന് സി.പി.എമ്മിലെ ശോഭാ കെ. മാത്യുവും അശോക് കുമാറുമായിരുന്നു അംഗങ്ങൾ.

യു.ഡി.എഫ് ഷൈനി ജോർജിനെ ചെയർപേഴ്‌സൺ സ്ഥാനത്തേക്കു നിർദേശിച്ചു. എൽ.ഡി.എഫ് ശോഭ കെ. മാത്യുവിനെയും നിർദേശിച്ചു. എന്നാൽ വോട്ടെടുപ്പിൽ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗക്കാരനായ ദീപു ഉമ്മൻ വിട്ടുനിന്നു. ഇതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർത്ഥികൾക്കും രണ്ടുവീതം വോട്ടുകളായി. ഇതേത്തുടർന്ന് നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പിൽ ശോഭ കെ. മാത്യു തെരഞ്ഞെടുക്കപ്പെട്ടു.
കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിലാണ് ഷൈനി ജോർജ്. നേരത്തെ യു.ഡി.എഫ് തലത്തിൽ ധാരണയ്ക്കു ശ്രമം നടന്നിരുന്നു. യു.ഡി.എഫിനുവേണ്ടി വോട്ടു ചെയ്യുമെന്ന് ദീപു ഉമ്മൻ ഉറപ്പ് നൽകിയിരുന്നതായും പറയുന്നു. എന്നാൽ വോട്ട് ചെയ്യുന്നതു സംബന്ധിച്ച് പാർട്ടി ചെയർമാൻ വിപ്പ് നൽകിയിരുന്നില്ലെന്ന് ദീപു പറഞ്ഞു. കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തോടൊപ്പം നിൽക്കണമെന്നാവശ്യപ്പെട്ട് ഷൈനി ജോർജിനെ സമീപിച്ചിരുന്നു. ഇതനുസരിച്ച് സത്യവാങ്മൂലം എഴുതിനൽകാനും നിർദേശിച്ചു. എന്നാൽ ഷൈനി ഇതിനു തയാറാകാതെ വതോടെയാണ് വിപ്പ് നൽകാതിരുന്നതെന്നും പറയുന്നു.

ദീപു ഉമ്മനെ പാർട്ടിയിൽ നിന്ന് പുറത്താക്കും

നഗരസഭയിലെ വിദ്യാഭ്യാസ -കലാ- കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന ദീപു ഉമ്മനെ കേരള കോൺഗ്രസ് എമ്മിൽ (ജോസഫ്) നിന്ന് പുറത്താക്കാൻ പാർലമെന്ററി യോഗം തീരുമാനിച്ചു. ദീപു ഉമ്മൻ വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് ചെയർപേഴ്സൺ ആകാനായുള്ള സാഹചര്യം ഉണ്ടായത്. യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയിൽ നിന്ന് പുറത്താക്കാനുള്ള നടപടിയും ഉണ്ടാകും.

യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ റോഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ്, വൈസ് ചെയർമാൻ എ. സഗീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റജീന ഷെരീഫ്, കെ. ജാസിംകുട്ടി, സിന്ധു അനിൽ, സജി കെ. സൈമൺ, കൗൺസിൽ അംഗങ്ങളായ പി.കെ ജേക്കബ്, രജനി പ്രദീപ്, ഗീതാ സുരേഷ്, കെ.ആർ അരവിന്ദാക്ഷൻ നായർ, ഷൈമി ജോർജ്, ബീന ഷെരീഫ്, സുശീല പുഷ്പൻ, സജിനി മോഹൻ, സസ്യ സജീവ്, അംബിക വേണു, ബിജിമോൾ മാത്യു, ആമിന ഹൈദരാലി എന്നിവർ സംസാരിച്ചു