പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭമെന്ന് കെ.പത്മകുമാർ

കോന്നി: എസ്.എൻ.ഡി.പി യോഗം കുമ്മണ്ണൂർ ശാഖയുടെ നെടുമ്പാറയിലെ പ്രാർത്ഥനാലയത്തിന് നേരെ ആക്രമണം. അതിരു കല്ലുകൾ തകർത്ത് അകത്ത് കയറിയ അക്രമികൾ ശ്രീനാരായണ ഗുരുദേവന്റെ ചിത്രവും നിലവിളക്കും തകർത്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. ഇന്നലെ രാവിലെ ഇവിടെയെത്തിയ ശാഖാ പ്രവർത്തകരും നാട്ടുകാരുമാണ് അതിരുകല്ലും ഗുരുദേവ ചിത്രവും വിളക്കും തകർത്ത നിലയിൽ കണ്ടത്. ശാഖാ ഭാരവാഹികൾ പരാതി നൽകിയതിനെ തുടർന്ന് കോന്നി പൊലീസ് പരിശോധന നടത്തി. പ്രാർത്ഥനാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.

എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാറും ഭാരവാഹികളും സംഭവസ്ഥലം സന്ദർശിച്ചു. അക്രമികളെ പിടികൂടിയില്ലെങ്കിൽ ശ്രീനാരായണീയരെയും പ്രദേശവാസികളെയും കൂട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിഷേധ യോഗത്തിൽ പത്മകുമാർ പറഞ്ഞു. യൂണിയൻ കൗൺസലർമാരായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, കെ.എസ്.സുരേശൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ. സലിലനാഥ്, ശാഖ പ്രസിഡന്റ് പി.ശോഭന, സെക്രട്ടറി ആർ.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.പി.പ്രഭ, യൂണിയൻ കമ്മിറ്റിയംഗം ഷാജികുമാർ, വാർഡ് സെക്രട്ടറി നിഷ തുടങ്ങിയവർ സംസാരിച്ചു.

അന്വേഷണം തുടങ്ങിയതായി കോന്നി പൊലീസ് പറഞ്ഞു.