തിരുവല്ല: മഹാപ്രളയം അവശേഷിപ്പിച്ച മണ്ണും ചെളിയും എക്കലും നദികളിൽ നിന്ന് നീക്കംചെയ്യാൻ വേനൽക്കാലത്തും നടപടി തുടങ്ങിയില്ല. പുഴകളുടെയും തോടുകളുടെയും ആഴം വർദ്ധിപ്പിക്കാൻ കഴിഞ്ഞ പ്രളയത്തിനു തൊട്ടുപിന്നാലെ തീരുമാനം എടുത്തെങ്കിലും ഒരിടത്തും നടപ്പായില്ല. രണ്ടാഴ്ച പെയ്താലും നിറയാത്ത തോടുകളും ആറുകളും ഇപ്പോൾ രണ്ടുദിവസത്തെ മഴയിൽ കരകവിയുകയാണ്. നദീ ശുചീകരണത്തിന് ഫണ്ടില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ പറയുന്നത്. പഞ്ചായത്തുകളുടെ പദ്ധതിവിഹിതം പ്രളയ പുനരധിവാസത്തിനും വീട് നിർമ്മാണത്തിനുമായി മാറ്റിയതോടെ മറ്റു പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലത്രേ. അടുത്ത മഴക്കാലത്തും ദുരിതം അനുഭവിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. പമ്പയാറിന്റെ കൈവഴിയായ റാന്നി വലിയതോട്ടിൽ വലിയ മരച്ചില്ലകളും മണൽപ്പുറ്റും രൂപപ്പെട്ടിരുന്നു. മറ്റു നദികളായ മണിമലയാറ്റിലും അച്ചൻകോവിലാറിലും പലയിടത്തും ചെളികുമിഞ്ഞു തുരുത്തുകൾ രൂപപ്പെട്ടു. കഴിഞ്ഞതവണ വെള്ളം കയറിയ പ്രദേശങ്ങളെ അതിവേഗം പ്രളയംവിഴുങ്ങിയതും ഓർക്കണം. പ്രളയത്തിൽ നാശംനേരിട്ട കോഴഞ്ചേരി മരുതൂർക്കടവിലെ വീടുകൾക്ക് സംരക്ഷണഭിത്തിയും കെട്ടിയില്ല. വീടുകൾ വെള്ളം കൊണ്ടുപോകുമെന്ന പേടിയിൽ കഴിയുകയാണ് നാട്ടുകാർ. മഴയുടെ തീവ്രതകൂടിയതും ഡാമുകളിൽ ജലനിരപ്പ് അതിവേഗം ഉയരുന്നതും ജില്ലയ്ക്കു ഭീഷണിയാണ്. മഴവെള്ളം കൊണ്ടുമാത്രമാണ് നദികളിൽ അതിവേഗം ജലനിരപ്പ് ഉയർന്നത്. ഡാമുകൾ നിറയുന്നതിനൊപ്പം തോടുകളും പുഴകളും അതിവേഗം നിറയുന്നതും സാഹചര്യം ഗുരുതരമാക്കും. വരും വർഷങ്ങളിലെങ്കിലും ഇതൊഴിവാക്കാൻ വേനൽക്കാലത്ത് ആഴംകൂട്ടൽ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

മുഖ്യമന്ത്രിയുടെ നിർദ്ദേശവും പാലിക്കപ്പെട്ടില്ല
മഹാപ്രളയത്തിലും പിന്നീടുണ്ടായ തീവ്രമഴയിലും നദികളിൽ അടിഞ്ഞുകൂടിയ മണലും എക്കൽമണ്ണും നീക്കംചെയ്യുന്നതിനു സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഒക്ടോബറിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധികമണലും എക്കലും അടിയന്തരമായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കളക്ടർമാർക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണൽ നീക്കണമെന്നും ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

ആഴവും കുറഞ്ഞു
മണ്ണുംചെളിയും എക്കലുമൊക്കെ നിറഞ്ഞതോടെ പുഴയുടെയും തോടുകളുടെയും ആഴവും കുറഞ്ഞു. ഇതുകാരണം ചെറിയൊരു മഴയുണ്ടായാൽ പോലും നദികളിൽ ജലനിരപ്പ് അതിവേഗം ഉയരാൻ കാരണമാകുമെന്ന് കഴിഞ്ഞ വെള്ളപ്പൊക്കം ഓർമ്മപ്പെടുത്തുന്നു.

ദുരന്തബാധിത വില്ലേജുകൾ 22
തിരുവല്ല∙ പ്രകൃതി ദുരന്തബാധിതമായ 22 വില്ലേജുകളാണ് ജില്ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അധികമഴ, പ്രളയം, ഉരുൾപെ‍ാട്ടൽ എന്നിവ സ്വത്തിനെയും ജനജീവിതത്തെയും ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പമ്പ,മണിമല നദികളാൽ ചുറ്റപ്പെട്ട തിരുവല്ല താലൂക്കിലെ ഭൂരിഭാഗം വില്ലേജുകളും ദുരന്തബാധിത മേഖലയിലാണ്. ഇതിൽ അപ്പർകുട്ടനാട്ടിൽ ഉൾപ്പെടുന്നവ മാസങ്ങളോളം വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. ജൂൺ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ സാധാരണമഴ ലഭിച്ചാൽ പോലും ഈപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാദ്ധ്യത തള്ളിക്കളയാനാവില്ല.