കോന്നി : മാലിന്യപൂരിതമായതോടെ കോന്നി താഴം ചീഞ്ഞുനാറുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലും, ജലാശയങ്ങളിലുമാണ് രാത്രി കാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത്.കോന്നി,അട്ടച്ചാക്കൽ,വെട്ടൂർ റോഡിന്റെ ഇരുവശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞു.ചാങ്കൂർ പാലത്തിനു സമീപം തോട്ടിൽ മാലിന്യങ്ങൾ കുന്നുകൂടി ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ട്.കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയുടെ കിണർ ഇതിന് സമീപത്താണ്.കോന്നി വലിയ പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. മാസങ്ങൾക്ക് മുമ്പ് കക്കൂസ് മാലിന്യം അച്ചൻകോവിലാറ്റിലേക്ക് തള്ളിയിരുന്നു.അട്ടച്ചാക്കലിലെ ഗ്യാസ് ഗോഡൗണിന് സമീപത്തെ തോട്ടിലും രാത്രി കാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്.പുറത്തു നിന്നും വാഹനങ്ങളിൽ എത്തുന്നവരാണ് സ്ഥിരമായി ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു.ഏറ്റവും അധികം ശബരിമല തീർത്ഥാടകർ കാൽനടയായി യാത്ര ചെയ്യാനുപയോഗിക്കുന്ന റോഡാണിത്. മാലിന്യനിക്ഷേപം നാട്ടുകാരെ പോലെ തന്നെ തീർത്ഥാടകരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു.തങ്ക അങ്കി രഥ ഘോഷയാത്രയ്ക്ക് മുന്നോടിയായി റോഡിനു ഇരുവശത്തേയും കാട് തെളിക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെയും മാലിന്യ നിക്ഷേപം ഏറെ വലച്ചിരുന്നു.ഏറെ ബുദ്ധിമുട്ടിയാണ് തൊഴിലാളികൾ ജോലി പൂർത്തീകരിച്ചത്.കുട്ടവഞ്ചി സവാരിയ്ക്ക് എത്തുന്ന ടൂറിസ്റ്റുകൾ പ്രധാനമായും ഉപയോഗിക്കുന്ന ചാങ്കൂർമുക്ക് -തണ്ണിത്തോട് റോഡിലും മാലിന്യങ്ങൾ തള്ളുന്നുണ്ട്.അതുമ്പുംകുളത്തെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് നിറുത്തിയതോടെ മാലിന്യ നിക്ഷേപം വന മേഖലയിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
പകർച്ച വ്യാധികൾ പിടിപെടുമെന്ന് ആശങ്ക
വേനൽ കനത്തതോടെ ജലാശയങ്ങളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലെ മാലിന്യ നിക്ഷേപം പകർച്ചവ്യാധികൾ വ്യാപകമാകുന്നതിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.പഞ്ചായത്തു മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാത്തതാണ് മാലിന്യ മാലിന്യനിക്ഷേപം വ്യാപകമാകാൻ പ്രധാന കാരണമെന്നും പൊലീസും പഞ്ചായത്ത് അധികൃതരും ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയുന്നതിന് സി.പി.എം നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കും. നാട്ടുകാരുടെ സഹകരണത്തോടെ ഇത്തരക്കാരെ കണ്ടെത്താനും മാലിന്യ നിരക്ഷേപം തടയാനും ഇത് സഹായകരമാകും.
ജിജോ മോഡി
(സി.പി.എം ലോക്കൽ സെക്രട്ടറി)
1. കോന്നി,അട്ടച്ചാക്കൽ,വെട്ടൂർ റോഡിന്റെ ഇരുവശങ്ങളും മാലിന്യ നിക്ഷേപം
2. ചാങ്കൂർ പാലത്തിനു സമീപം തോട്ടിൽ മാലിന്യങ്ങൾ കുന്നുകൂടി ചീഞ്ഞളിയുന്നു
3. അച്ചൻകോവിലാറ്റിലും, ചാങ്കൂർമുക്ക് -തണ്ണിത്തോട് റോഡിലും മാലിന്യ നിക്ഷേപം