കൊച്ചി : ഓഖി ദുരന്തത്തെ തുടർന്ന് കടലിൽ പോയി ഉപജീവനം നടത്താനാവാത്തവരെ കണ്ടെത്തി നഷ്ടപരിഹാരവും പുനഃരധിവാസവും നൽകണമെന്ന ഹർജികൾ ഇക്കാര്യത്തിനായി സർക്കാരിനെ സമീപിക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി തീർപ്പാക്കി. തിരുവനന്തപുരം അതിരൂപതയിലെ ഫാ. ലബേരിൻ യേശുദാസ്, മാദ്ധ്യമ പ്രവർത്തകനായ ഏലിയാസ് ജോൺ എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികളാണിവ.
2017 നവംബർ 30നുണ്ടായ ദുരന്തത്തിലെ ഇരകളെ കണ്ടെത്തി സംരക്ഷിക്കണമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയ അതേ തുക നഷ്ടപരിഹാരമായി നൽകണമെന്നുമായിരുന്നു ഹർജികളിലെ മുഖ്യആവശ്യം. മരിച്ചവരുടെ ഉറ്റവർക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകിയിരുന്നെന്നും സമാന ആവശ്യങ്ങളുമായി നേരത്തെ നൽകിയ ഹർജികൾ സർക്കാരിനെ സമീപിക്കാൻ നിർദ്ദശിച്ച് ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു.