തൃശൂർ: സംഗീത നാടക അക്കാഡമിയുടെ പന്ത്രണ്ടാമത് അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ്‌ഫോക് 2020' ഇൗമാസം 20 മുതൽ 29 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 20ന് വൈകിട്ട് അഞ്ചിന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. പത്തു ദിവസങ്ങളിലായി പത്തൊമ്പതു നാടകങ്ങൾ അരങ്ങേറും.
സംവിധായകനും പെർഫോമൻസ് മേക്കറും ഇന്റർമീഡിയ ആർട്ടിസ്റ്റുമായ അമിതേഷ് ഗ്രോവറാണ് ഫെസ്റ്റിവൽ ഡയറക്ടർ. നാടകോത്സവത്തിനുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഏഴ് മുതൽ ആരംഭിക്കും. http://
സംഗീത നാടക അക്കാഡമി ഏർപ്പെടുത്തിയ അഞ്ചാമത് അമ്മന്നൂർ പുരസ്‌കാരം എഴുത്തുകാരിയും വിവർത്തകയും നാടക നിരൂപകയും മാദ്ധ്യമ പ്രവർത്തകയുമായ ശാന്ത ഗോഖലെയ്ക്ക് സമ്മാനിക്കും. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
പത്രസമ്മേളനത്തിൽ സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത, സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്, ഫെസ്റ്റിവൽ കോ ഒാർഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവർ പങ്കെടുത്തു.