ksrtc-terminal

9.20 കോടിയുടെ പദ്ധതി

മെല്ലപ്പോക്ക് കരാറുകാരന് പണം കിട്ടാത്തതിനെ തുടർന്ന്

കടമുറികൾ ലേലത്തിൽ 5.38 കോടിക്ക്

പത്തനംതിട്ട: ഇതിനെയാണ് എട്ടിന്റെ പണി എന്നുപറയുന്നത്. പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ടെർമിനൽ പണിയിന്നുവെന്ന് അറിഞ്ഞപ്പോൾ അതു പഞ്ചവത്സര പദ്ധതിയാകുമെന്ന് ആരും കരുതിയില്ല . 2015ലാണ് തറക്കല്ലിട്ടത്. രണ്ടു വർഷത്തിനുളളിൽ പൂർത്തിയാക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഇപ്പോൾ വർഷം അഞ്ച് തികഞ്ഞു. എന്ന് തീരുമെന്ന് ഒരു ഉറപ്പുമില്ല. കരാറുകാരന് പണം കിട്ടാത്തതുകൊണ്ട് പണി മുടങ്ങിയിരിക്കുകയാണ്. കെട്ടിടത്തിലെ കടമുറികൾ 5.38 കോടി രൂപയ്ക്ക് ലേലത്തിൽ പോയതിന്റെ വരുമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിട്ടും കാരാറുകാരന് പണം നൽകിയില്ല.

മൂന്ന് നിലകളുളള ടെർമിനൽ കം ഷോപ്പിംഗ് കോംപ്ളക്സിന്റെ നിർമാണത്തിന് യു.ഡി.എഫ് സർക്കരിന്റെ കാലത്താണ് തറക്കല്ലിട്ടത്. പദ്ധതി ചെലവ് 9.20 കോടി രൂപയായിരുന്നു. ഇതിൽ രണ്ടുകോടി എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടും ബാക്കി കെ.എസ്.ആർ.ടി.സി.യുടെ ഫണ്ടുമാണ്. 2017 മാർച്ച് 31ന് പണി പൂർത്തീകരിക്കേണ്ടതായിരുന്നു.

വൈദ്യുതീകരണം, പ്ലംബിംഗ് പണികൾ നടക്കാനുണ്ട്. ഓഫീസ് നിർമാണം പകുതിമാത്രമാണ് പൂർത്തിയായത്. ഇപ്പോൾ ഡി.ടി.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചാലേ അവസാനഘട്ട പണികൾ നടത്താൻ കഴിയൂ. ഇതിന് വേറെ ടെൻഡർ വിളിക്കണം. ഡി.ടി.ഒ, സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർമാർ തുടങ്ങിയ ഓഫീസുകൾ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കു മാറ്റിയ ശേഷം പൊളിക്കാനാണ് തീരുമാനം.

ഒാഫീസ് മാറ്റണമെങ്കിൽ വൈദ്യുതി കണക്ഷൻ, ശൗചാലയം, പൈപ്പ് കണക്ഷൻ എന്നിവയുടെ നിർമാണം പൂർത്തിയാകണം. ഡി.ടി.ഒ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചാലും വർക് ഷോപ്പും ഗാരേജും നിലനിറുത്തും. ഇവയുടെ നവീകരണം അടുത്ത ഘട്ടത്തിലാണ്.

ടെർമിനിൽ നിർമാണം നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി താൽക്കാലിക ഡിപ്പോ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ ബസുകൾ പാർക്ക് ചെയ്തുകൊണ്ടിരുന്ന ഒരു ഭാഗം കെ.എസ്.ആർ.ടി.സി ബസുകൾക്ക് വേണ്ടി നഗരസഭ വിട്ടുനൽകുകയായിരുന്നു. സൗകര്യങ്ങളുടെ കുറവുമൂലം യാത്രക്കാർ ഇവിടെ ദുരിതം അനുഭവിക്കുകയാണ്.

കടമുറികളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.

പണികൾ ഉടൻ പൂർത്തിയാക്കും.

കെ.എസ്.ആർ.ടി.സി അധികൃതർ