പത്തനംതിട്ട : എമർജൻസി സർവീസാണ്, പക്ഷെ പറഞ്ഞിട്ട് എന്തുകാര്യം. ഡ്രൈവിംഗ് സീറ്റിൽ പാമ്പ് കിടക്കുകയാണെങ്കിൽ എങ്ങനെ വാഹനം ഒാടിക്കും. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിക്ക് സമീപത്തെ കാടുനിറഞ്ഞ പാർക്കിംഗ് ഏരിയായിൽ നടന്ന സംഭവമാണിത്. ഏറെ പണിപ്പെട്ട് പാമ്പിനെ നീക്കിയശേഷമാണ് വാഹനം പുറപ്പെട്ടത്. രാത്രിയിൽ തെരുവുനായകളും മദ്യപൻമാരും ഉണ്ടാക്കുന്ന ശല്യങ്ങളും വേറെ. ആംബുലൻസിന് സ്റ്റാൻഡായി നൽകിയിരിക്കുന്നത് ആശുപത്രി കെട്ടിടത്തിന് പിറകിലുള്ള ഡോക്ടേഴ്സ് ലെയിൻ റോഡിന്റെ ഇടതുവശമാണ്. ഇവിടം ആരും വൃത്തിയാക്കാറുമില്ല. കെട്ടിടത്തിന് സമീപം നിറയെ കാടാണ്. കാട് വെട്ടി മാറ്റണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇവിടെ നിറയെ പ്ലാസ്റ്റിക്കുകളും മദ്യക്കുപ്പികളും നിരന്നു കിടക്കുകയുമാണ്.

സ്ഥലവുമില്ല , സ്റ്റാൻഡുമില്ല

ഡോക്ടേഴ്സ് ലെയിൻ റോഡിലെ പാർക്കിംഗ് ഏരിയായിൽ സ്ഥലമില്ലാതെ നട്ടം തിരിയുകയാണ് ഡ്രൈവർമാർ. പതിനെട്ട് ആംബുലൻസുകൾ ഉണ്ടെങ്കിലും ആറ് ആംബുലൻസിൽ കൂടുതൽ സ്റ്റാൻഡിൽ കിടക്കാനുള്ള സൗകര്യവും ഇല്ല. 108 ആംബുലൻസുകൾക്ക് ആശുപത്രി കെട്ടിടത്തിൽ സൗകര്യമുണ്ട്. എന്നാൽ ബാക്കിയുള്ളവ പുറത്ത് കിടക്കണം. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിലാണ് ഡ്രൈവർമാർ ആഹാരം കഴിക്കുന്നതും വിശ്രമിക്കുന്നതും.

അനധികൃത പാർക്കിംഗ്

ആംബുലൻസിന്റെ പാർക്കിംഗ് ഏരിയായിൽ ആശുപത്രിയിൽ എത്തുന്ന പലരും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. കൂടാതെ റോഡിന്റെ ഇരുവശത്തും പാർക്കിംഗ് നടത്തുന്നതിനാൽ ഗതാഗത തടസവും പതിവാകുന്നു. പലപ്പോഴും ആംബുലൻസുകൾക്ക് കടന്നു പോകാനാവാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. ആശുപത്രിയിൽ പാർക്കിംഗിന് സൗകര്യമുണ്ടെങ്കിലും പണം നൽകേണ്ടതിനാൽ പലരും ഇത് ഉപയോഗപ്പെടുത്താറില്ല. ഡോക്ടേഴ്സ് ലെയിൻ റോഡിൽ വൺവേ സംവിധാനം പാലിക്കാത്തതും ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

.....വൺവേ തെറ്റിച്ചും അനധികൃത പാർക്കിംഗ് നടത്തിയും പോകുന്നവർക്കെതിരെ ആരും നടപടിയെടുക്കുന്നില്ല. അടിയന്തരമായി ആംബുലൻസിന് മാത്രമായി ഒരു സ്റ്റാൻഡ് കണ്ടെത്തി തരാൻ നഗരസഭയോ മറ്റ് അധികാരികളോ ശ്രമിക്കണം.

ആംബുലൻസ് ഡ്രൈവർ

സ്റ്റാൻഡിന് അപ്പുറം കാട് , ഡ്രൈവിംഗ് സീറ്റിൽ പാമ്പ്

18 ആംബുലൻസുകൾ, പാർക്കിംഗ് സൗകര്യം 6 എണ്ണത്തിന് മാത്രം