മല്ലപ്പള്ളി: കോഴഞ്ചേരി റോഡിൽ ഹൈസ്‌ക്കൂൾ ജംഗ്ഷനിൽ ഉണങ്ങിനിൽക്കുന്ന പഞ്ഞിമരം ഉടൻ മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന് താലൂക്ക് വികസന സമിതി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ഇന്നലെ ചേർന്ന താലൂക്ക് വികസന സമിതിയോഗമാണ് അപകട സാദ്ധ്യത മുന്നിൽകണ്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. ചെങ്ങരൂർ കല്ലുംപുറത്ത് കോളനി ഉൾപ്പെടെയുള്ളവർക്കും താലൂക്കിന്റെ വിവിധ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും 23ന് പട്ടയ വിതരണ മേള നടത്തുമെന്ന് തഹസീൽദാർ അറിയിച്ചു.പൊതു സ്ഥലങ്ങളിൽ നിർമ്മിച്ചിട്ടുള്ള കുഴൽകിണറുകൾ വരൾച്ച മുന്നിൽ കണ്ട് അറ്റകുറ്റപണികൾ നടത്തണമെന്ന് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകി.സിവിൽ സ്റ്റേഷനിലേക്കുള്ള പ്രധാന കവാടത്തിൽ വളച്ചുവാതിൽ നിർമ്മിക്കുമെന്ന് തഹസീൽദാർ അറിയിച്ചു.ആനിക്കാട് പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പിന് നിർദ്ദേശം നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാത്യു (ആനിക്കാട്),റെജി ശാമുവേൽ (മല്ലപ്പള്ളി),റെജിചാക്കോ (കല്ലൂപ്പാറ),എം.എസ്. സുജാത (കൊറ്റനാട്),പി.എൻ.രാധാകൃഷ്ണ പണിക്കർ,അഡ്വ.പ്രസാദ് ജോർജ്ജ്, ഹബീബ് റാവുത്തർ,എം.എം. ബഷീറുകുട്ടി,സാംകുട്ടി പാലയ്ക്കാമണ്ണിൽ,തഹസീൽദാർ ടി.എ.മധുസൂദനൻ നായർ, വിവിധ വകുപ്പുകളിലെ താലൂക്കുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.