കൊടുമൺ: കൊടുമണ്ണിലെ പാടശേഖരത്തിൽ നിന്ന് ബിരിയാണി അരിയും. ഗന്ധശാലി എന്ന പുതിയൊരിനം വിത്ത് ഐക്കാട് പാടശേഖരങ്ങളിൽ കൃഷിചെയ്തത് വിളഞ്ഞ് കൊയ്യാൻ പാകമായി. ബിരിയാണി ഉണ്ടാക്കാനാണ് ഇതിന്റെ അരി ഉപയോഗിക്കുന്നത്. ഗന്ധശാലി വിത്ത് ഇതിനുമുമ്പ് കേരളത്തിൽ കൃഷി ചെയ്തിരുന്നില്ല. ഇതിന്റെ കഞ്ഞിവെളളത്തിനാണ് ഏറെ പ്രിയം.
കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ പഞ്ചായത്തിൽ കാൽ നൂറ്റാണ്ടിലധികമായി തരിശ്ശായിക്കിടന്ന അഞ്ഞൂറോളം ഏക്കർ പാടങ്ങളിൽ കൃഷിയിറക്കിയപ്പോൾ റെക്കാഡു വിളവു ലഭിച്ചു.
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, പാടശേഖരസമിതി ചെയർമാൻ എ.എൻ.സലിം, വാർഡ് മെമ്പർ അശോകൻ, കൊടുമൺ കൃഷി ഓഫീസർ ആദില എന്നിവരുടെ നേതൃത്വത്തിലാണ് കർഷകരെ സംഘടിപ്പിച്ചു കൃഷി ചെയ്യിച്ചത്. കൊടുമൺ റൈസിന് ഇതിനോടകം വളരെയേറെ പ്രചാരം ലഭിച്ചു. അഞ്ചാംഘട്ട വിപണനവും തുടങ്ങി.
ഉമ, രക്തശാലി, ഞവര, ജ്യോതി എന്നീ നെല്ലിനങ്ങൾ അരിയാക്കി തവിടുകളയാതെയാണ് ഉപയോഗിക്കുന്നത്. ഇതിനു പോഷകഗുണം കൂടും. ജൈവവള പ്രയോഗമാണ് കൂടുതലായി സ്വീകരിച്ചിട്ടുളളത്. നെല്ല് അരിയാക്കുന്ന പ്രക്രിയ താമസിയാതെ കൊടുമണ്ണിൽ തുടങ്ങും.