തിരുവല്ല: നഗരത്തിലെ ബൈപ്പാസിന്റെ അവസാനഘട്ട നിർമ്മാണം പുരോഗമിക്കുന്ന രാമഞ്ചിറയിൽ മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികൾ ഇന്ന് പൂർത്തിയാകും.എം.സി.റോഡിൽ രാമഞ്ചിറയിൽ നിന്നാരംഭിച്ചു മല്ലപ്പള്ളി റോഡുമായി ബന്ധിപ്പിക്കുന്ന മേൽപാലത്തിനായുള്ള 61 പൈലുകളുടെ നിർമ്മാണമാണ് ഇന്ന് പൂർത്തിയാകുന്നത്. തുടർന്ന് മേൽപാലത്തിന്റെ ഉയരത്തിലുള്ള തൂണുകളും ഗർഡറുകളും സ്ളാബുകളും ഉൾപ്പെടെയുള്ള മറ്റു ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിർമ്മാണം നിലച്ചുപോയ തിരുവല്ല ബൈപ്പാസിന് പുതുക്കിയ രൂപകൽപ്പനയിൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം ലോകബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പി പണികൾ കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിച്ചത്.23 വർഷംമുമ്പ് 1996ൽ നിശ്ചയിച്ച തിരുവല്ല ബൈപ്പാസിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്തിയാണ് രാമഞ്ചിറയിൽ മേൽപ്പാലം നിർമ്മിക്കാൻ തീരുമാനമായത്.ഇതിൽ എം.സി.റോഡിലെ രാമഞ്ചിറ മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗം ഏറെ ഉയരത്തിൽ മണ്ണിട്ടുയർത്തി പുതിയ റോഡ് നിർമ്മിക്കാനാണ് നിർദ്ദേശിച്ചിരുന്നത്. ഇങ്ങനെ ഉയരത്തിൽ റോഡ് നിർമ്മിക്കുമ്പോൾ വശങ്ങളിൽ സംരക്ഷണഭിത്തി വ്യവസ്ഥ ചെയ്തിരുന്നില്ല. മാത്രമല്ല പാർശ്വഭിത്തികൾ പണിയുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനും ലക്ഷ്യമിട്ടുമില്ല.ഈ സാഹചര്യത്തിലാണ് ചതുപ്പുള്ള രാമഞ്ചിറ ഭാഗത്തു മണ്ണിട്ടുയർത്തി റോഡ് നിർമ്മാണം അപ്രായോഗികമാണെന്ന് കണ്ടെത്തിയത്. പകരം ഈഭാഗത്തു ഫ്ളൈഓവറായി (മേൽപ്പാലം)ഡിസൈൻ ചെയ്യാൻ മണ്ണ് പരിശോധന ഉൾപ്പെടെ നടത്തേണ്ടിവന്നു.തുടർന്ന് കെ.എസ്.ടി.പിയുടെ സ്റ്റിയറിംഗ് കമ്മിറ്റികൾ നിരവധിതവണ ചേർന്ന് സാങ്കേതിക പ്രശ്നങ്ങളെല്ലാം മറികടന്നാണ് പുതിയ ടെൻഡറിന് ലോകബാങ്കിന്റെ അനുമതി നേടിയത്. രാമഞ്ചിറയിൽ ഫ്‌ളൈഓവർ ഉൾപ്പെടെ നിർമ്മിച്ച് ഒൻപത് മാസത്തെ കരാർ കാലാവധിയിൽ 37 കോടിരൂപ ചെലവഴിച്ചു ബൈപ്പാസ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും കാലാവധിക്ക് പൂർത്തിയായില്ല.ഇതേതുടർന്ന് ആറുമാസം കൂടി നീട്ടി നൽകിയതോടെ മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.മൂവാറ്റുപുഴ ആസ്ഥാനമായ എസ്.എസ്.ജി.എച്ച്.വി ഇന്ത്യ കമ്പനിയാണ് ബൈപ്പാസിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്.
ഉന്നതതല സംഘം ഇന്ന് സന്ദർശിക്കും
തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ.എസ്.ടി.പിയുടെ ഉന്നതതലസംഘം ഇന്ന് ഉച്ചയ്ക്ക്ശേഷം 2.30ന് സന്ദർശിക്കും. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ രാജമാണിക്യം, ചീഫ് എൻജിനിയർ ടിങ്കു ഡിക്രൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്.
-ഒന്നാംഘട്ടം മഴുവങ്ങാടി ചിറമുതൽ ബിവൺറോഡ് വരെയുള്ള ഭാഗങ്ങൾ ടാറിംഗ് ചെയ്ത് പൂർത്തിയാക്കി.
-61 പൈലുകളുടെ നിർമ്മാണം പൂർത്തിയായി