പത്തനംതിട്ട: ലോക കേരളസഭയുടെ നടത്തിപ്പിലെ ധൂർത്തും അഴിമതിയും അന്വേഷിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
ഒന്നാം ലോക കേരള സഭയിലെ വാഗ്ദാനങ്ങൾ പാലിക്കാതെയും സംസ്ഥാനത്തിന്റെ മോശമായ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയും കോടിക്കണക്കിന് രൂപ ചെലവാക്കിയതിൽ അഴിമതിയും ധൂർത്തുമുണ്ട്. സാമ്പത്തികമാന്ദ്യം, സ്വദേശിവൽക്കരണം, നിതാഖത്ത് എന്നിവ മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയവർക്ക് തൊഴിൽ, വായ്പാ, പുനഃരധിവാസ പദ്ധതികൾ നടപ്പാക്കുന്നതിന് പകരം ചെറിയ ശതമാനം വരുന്ന ശതകോടീശരന്മാരായ വിദേശ വ്യവസായികളേയും സി.പി.എം അനുഭാവ പ്രവാസി സംഘടനാ നേതാക്കളേയും തൃപ്തിപ്പെടുത്തുവാനാണ് കേരളസഭ നടത്തിയത്.
തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി എത്തിയ പ്രവാസികൾക്കായി ഉമ്മൻചാണ്ടി നടപ്പാക്കിയ പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് വായ്പാ പദ്ധതി, സാന്ത്വനം ചികിത്സാ ധനസഹായ പദ്ധതി, പെൺമക്കൾക്കുള്ള വിവാഹ ധനസഹായം, മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്കുള്ള ഒരു ലക്ഷം രൂപ സൗജന്യ ധനസഹായ പദ്ധതി എന്നിവ പിണറായി സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്ന് സാമുവേൽ കിഴക്കുപുറം കുറ്റപ്പെടുത്തി.