പത്തനംതിട്ട : പൾസ് പോളിയോ തുള്ളിമരുന്ന് വീണ്ടും നൽകാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. 19ന് സംസ്ഥാനത്ത് മുഴുവൻ സ്ഥലത്തും പോളിയോ നൽകും. ഇരുപത് വർഷത്തിനിടയിൽ കേരളത്തിൽ പോളിയോ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് പൾസ് പോളിയോ നിറുത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. എന്നാൽ പാകിസ്ഥാനിൽ കഴിഞ്ഞ വർഷം 117 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മലേഷ്യയിലും ഒരു കേസ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്നാണ് വീണ്ടും പോളിയോ വാക്സിനേഷൻ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി പേർ കേരളത്തിലും ഇവിടെ നിന്ന് നിരവധി പേർ മറ്റ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവരുണ്ട്. അതുകൂടി പരിഗണിച്ചാണ് ഈ വർഷം പൾസ് പോളിയോ നൽകുന്നത്.

അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് നൽകണം

ജില്ലയിൽ 71622 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകും

 ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ : 470

ജില്ലയിലെ പോളിയോ ബൂത്തുകൾ: 973

സർക്കാർ ആശുപത്രികൾ, സബ് സെന്ററുകൾ, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലത്ത് പോളിയോ നൽകും. ട്രൈബൽ മേഖലകൾ, ദുർഘട പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് മൊബൈൽ ബൂത്തുകളും ഉണ്ടാകും.

"മറ്റ് രാജ്യങ്ങളിലുള്ള ഡിഫ്തീരിയ, വില്ലൻ ചുമ തുടങ്ങിയ രോഗങ്ങൾ ഇപ്പോൾ കേരളത്തിലും കണ്ടുവരുന്നുണ്ട്. പ്രധാനമായും പുറത്ത് നിന്ന് വരുന്നതും ഇവിടെ നിന്ന് പോയി മടങ്ങി എത്തുന്നവരിൽ നിന്നുമാണ് രോഗാണുക്കൾ എത്തുന്നത്. അതിനെ പ്രതിരോധിക്കാനാണ് വാക്സിനേഷൻ നൽകുന്നത്. കേരളത്തിൽ ഒരുതവണ നൽകാനാണ് തീരുമാനം.

ആരോഗ്യ വകുപ്പ് അധികൃതർ