ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ ഇളമണ്ണൂരിൽ സ്ഥാപിച്ചിട്ടുള്ള എസ്.ബി.ഐയുടെ എ.ടി.എം കം സി.ഡി എം മെഷീനുകൾ നോക്കുകുത്തികളാകാൻ തുടങ്ങിയിട്ട് മാസങ്ങളായി.രണ്ട് മെഷീനുകളാണ് ബ്രാഞ്ചിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ളത്. രണ്ടെണ്ണത്തിലും കാഷ് നിക്ഷേപിക്കുവാനും പിൻവലിക്കുവാനുമുള്ള സൗകര്യം ഉണ്ടങ്കിലും ഉപഭോക്താക്കൾക്ക് പലപ്പോഴും മറ്റ് എ.ടി.എം കൗണ്ടറുകളെ ആശ്രയിക്കേണ്ടി വരുകയാണ്.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഈ മെഷിനുകളെയാണ് ആശ്രയിച്ച് വരുന്നത്.എന്നാൽ മിക്കപ്പോഴും ഇവ എട്ടിന്റെ പണിയാണ് ഉപഭോക്താക്കൾക്ക് കൊടുക്കുന്നത്. പണം നിക്ഷേപിക്കുവാൻ ശ്രമിച്ച് പാതി വഴിക്ക് ട്രാൻസാക്ഷൻ കാൻസലാകുന്നത് മൂലം പലരുടെയും പണം നഷ്ടപെടുന്നതായും പരാതിയുണ്ട്. വിവിധ പെൻഷനുകൾ ഉൾപ്പെടെ പിൻവലിക്കുവാൻ എത്തുന്നവരും ബാങ്കിൽ പണം ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളടക്കം നിരവധിപേരാണ് ദിവസവും നിരാശരായി മടങ്ങുന്നത്. പരാതി പറഞ്ഞാൽ ടെക്നീഷ്യനെ ലഭ്യമല്ല ഉടൻ ശരിയാക്കാമെന്നാണ് ബാങ്ക് മാനേജരുടെ മറുപടി. അവർത്തിച്ച് പരാതിപെടാൻ ചെന്നാൽ മറുപടിയുടെ സ്വരം കടുപ്പിക്കുന്നതായും പരാതിയുണ്ട്.പഞ്ചായത്തിൽ മരുതിമൂട്ടിലും മാത്രമാണ് എ.ടി.എം കൗണ്ടറുകൾ ഉള്ളത്. മരുതി മൂട്ടിൽ പ്രവർത്തിക്കുന്നതിന്റെയും അവസ്ഥ വിഭിന്നമല്ല. പിന്നീട് പറക്കോട്ടേക്കോ പത്തനാപുരത്തേക്കോ എത്തിയാലെ കാഷ് പിൻവലിക്കാനോ നിക്ഷേപിക്കുവാനോ സാധിക്കുകയുള്ളു. ഇതിനാകട്ടെ കിലോമീറ്ററുകൾ സഞ്ചരിക്കണം.
പാർക്കിംഗ് സൗകര്യവുമില്ല
ബാങ്കിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനം പാർക്ക് ചെയ്യുവാൻ സൗകര്യമില്ലാത്തത് കാരണം കെ.പി റോഡിന്റെ വശങ്ങളിലായാണ് പാർക്ക് ചെയ്യുന്നത് ഗവ.സ്കൂളും നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കവലയിൽ ഇത് പല അപകടങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ബാങ്കിന് മുൻപിലുണ്ടായിരുന്ന ചെറിയ പാർക്കിംഗ് സ്ഥലമിപ്പോൾ ജനറേറ്റർ റൂമായാണ് ഉപയോഗിക്കുന്നത്.സമീപത്ത് തന്നെയുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിനും പാർക്കിംഗ് സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവിൽ
" പ്രായം ചെന്ന ഞങ്ങളെ പോലുള്ളവർ പലപ്പോഴും കൊച്ചുമക്കളെയോ മറ്റ് പലരെയോ വിളിച്ചാണ് പണം എടുക്കാൻ വരാറ്. ഇവിടെ വന്ന് കഴിയുമ്പോഴാണ് പറ്റില്ലെന്ന് അറിയുന്നത്
കുട്ടിയമ്മ (ഉപഭോക്താവ് )