പന്തളം: ഫയർ സ്റ്റേഷൻ എന്ന സ്വപ്നം പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് പന്തളത്തുകാർക്ക്. പക്ഷേ ഇപ്പോൾ അത് പ്രതീക്ഷ മാത്രമാകുകയാണ്.അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഇവിടുത്തുകാർ രക്ഷാ മാർഗം തേടുന്നത് കിലോമീറ്റർ താണ്ടിവരുന്ന ഫയർഫോഴ്സ് യൂണിറ്റുകളെയാണ്. ഇനിയെങ്കിലും ഇതിനൊരു മാറ്റം വേണമെന്നാണ് പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യം.പി.കെ.കുമാരൻ പന്തളം എം.എൽ.എ.ആയിരുന്ന കാലത്താണ് പന്തളത്തിന് ഫയർസ്റ്റേഷൻ അനുവദിച്ചത്.പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നായിരുന്നു വ്യവസ്ഥ.അത് പാലിക്കാൻ കഴിയാതിരുന്നതാണ് ഫയർ സ്റ്റേഷൻ തുടങ്ങുവാൻ കാലതാമസം നേരിട്ടത്.2006-2007 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പന്തളം പഞ്ചായത്ത് പൂഴിക്കാട് ചിറമൂടിയിലുള സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു.വാഹനം ഇടുന്നതിന് ഷെഡും,ഓഫീസ് റൂം,വാട്ടർ ടാങ്ക് എന്നിവ നിർമ്മിക്കുന്നതിനായിരുന്നു തുക.എന്നാൻ പണി പകുതിക്ക് നിറുത്തി കരാറുകാരൻ അവസാനിപ്പിച്ചു. ഇപ്പഴും പണിത ഭാഗങ്ങൾ കാടുമൂടി കിടക്കുകയാണ്.കഴിഞ്ഞ യു.ഡി.എഫ്,സർക്കാരിന്റെ കാലത്ത് കുളനടയിലേക്ക് മാറ്റി സ്ഥാപിക്കാൻ അഡ്വ.കെ.ശിവദാസൻ നായരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു.അപ്പോൾ പന്തളത്ത് തന്നെ തുടങ്ങുമെന്നാണ് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞത്.എം.സി.റോഡിൽ പന്തളം വലിയ പാലത്തിനു സമീപമുള്ള പി.ഡബ്ല്യു.ഡി പുറംമ്പോക്കാണ് ചിറ്റയം കണ്ടെത്തിയ സ്ഥലം.എന്നാൽ ഇവിടം വിട്ടുനൽകാൻ അവരും തയാറായിരുന്നില്ല.ഇതോടെ ആ ശ്രമവും വിഫലമായി. പന്തളത്തിന് ഒപ്പവും അതിനു ശേഷവും അനുവദിച്ച എല്ലാ ഫയർസ്റ്റേഷനുകളും ആരംഭിച്ചിട്ടും ഈക്കാര്യത്തിൽ മാത്രം യാതൊരു നടപടിയുമില്ല.
തീർത്ഥാടന കാലത്തിന് മുമ്പ് ആരംഭിക്കുമെന്ന് ഉറപ്പ് നൽകി
ആറു മാസത്തിന് മുമ്പ് പന്തളത്തെ സി.പി.എം.നേതാക്കളും നഗരസഭാ അധികൃതരും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയപ്പോൾ ഈ ശബരിമല തീർത്ഥാടന കാലത്തിന് മുമ്പ് ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതാണ്. എന്നാൽ ഇതുവരെ യാതൊരു നടപടിയും ആയിട്ടില്ല.
ആത്യാഹിതമുണ്ടായാൽ എത്തുന്നത് കിലോമീറ്റർ താണ്ടിയുള്ള ഫോഴ്സ്
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് ആളപായമുണ്ടായാലും തീ പിടിച്ച് അത്യാഹിതങ്ങൾ സംഭവിച്ചാലും ഫയർഫോഴ്‌സിന്റെ സഹായം പന്തളം നഗരസഭ,കുളനട, മെഴുവേലി,തുമ്പമൺ,പ്രദേശങ്ങളിൽ വേണ്ടി വരുമ്പോൾ അടൂർ,പത്തനംതിട്ട,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഫയർ ഫോഴ്‌സ് എത്തുന്നത്. കിലോമീറ്ററുകൾ താണ്ടി അവരെത്തുംമ്പോഴേക്കും പ്രയോജനം ലഭിക്കാറുമില്ല.
ശബരിമല സീസൺ കാലത്ത് പന്തളത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി താല്ക്കാലിക ഫയർസ്റ്റേഷനാണ് പ്രവർത്തിക്കുന്നത്.ഇത്തവണയും അതുതന്നെയായിരുന്നു.
രഞ്ചിത്ത്
(പ്രദേശവാസി)