അയിരൂർ: ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറം (വിദ്യാധിരാജനഗർ) കഥകളിമേളയ്ക്കായി ചുട്ടികുത്തി ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ കഥകളി ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പത്ത് നാൾ നീണ്ടു നിൽക്കുന്ന കഥകളിമേള ഇന്ന് രാവിലെ 11ന് ഡോ. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. ക്ലബ്ബിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ ജില്ലാ കളക്ടർ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് വി. എൻ. ഉണ്ണി അദ്ധ്യക്ഷനായിരിക്കും. നാട്യഭാരതി അവാർഡ് കഥകളി ചെണ്ട വാദകൻ കലാഭാരതി ഉണ്ണിക്കൃഷ്ണനും അയിരൂർ നാട്യഭാരതി ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രൊഫ. എസ്.ഗുപ്തൻനായർ ജന്മശതാബ്ദി പുരസ്കാരം സാഹിത്യ നിരൂപകൻ പി. കെ. രാജശേഖരനും നൽകും. ജില്ലാ കഥകളി ക്ലബ്ബിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ തപാൽ വകുപ്പ് പുറപ്പെടുവിക്കുന്ന സ്പെഷ്യൽ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം കേരള സർക്കിൾ ഡയറക്ടർ ഓഫ് പോസ്റ്റൽ സർവ്വീസ് സെയ്ത് റഷീദ് നിർവ്വഹിക്കും. ക്ലബ്ബ് രക്ഷാധികാരിയായിരുന്ന അഡ്വ. ടി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണം ഡോ. ജോസ് പാറക്കടവിൽ നടത്തും. പ്രസാദ് കൈലാത്ത്, ദിലീപ് അയിരൂർ, പി.പി. രാമചന്ദ്രൻ പിള്ള, ടി. ആർ. ഹരികൃഷ്ണൻ, കലാനിലയം വിഷ്ണു എന്നിവർ പ്രസംഗിക്കും. 12 മണിമുതൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി പാഠാവലിയിലെ കേശിനീമൊഴി, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പാഠാവലിയിലെ പ്രലോഭനം എന്നീ രംഗങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 5.30 ന് നാട്യഭാരതി മഹാദേവൻ, കലാനിലയം രാകേഷ് എന്നിവർ സന്ധ്യാകേളി അവതരിപ്പിക്കും.
വൈകിട്ട് 6.30 മുതൽ ഡോ. കലാമണ്ഡലം ഗോപി പങ്കെടുക്കുന്ന നളചരിതം ഒന്നാം ദിവസം 1 -ാം ഭാഗ. കെ. എൽ. കൃഷ്ണമ്മ ആട്ടവിളക്ക് തെളിക്കും.