തിരുവല്ല: തിരുവല്ല ബൈപ്പാസിന്റെ നിർമ്മാണം മേയ് അവസാനത്തോടെ പൂർത്തിയാക്കി ജൂണിൽ തുറന്നുകൊടുക്കാനാകുമെന്ന് പുരോഗതി വിലയിരുത്തിയ കെ.എസ്.ടി.പി അധികൃതർ വ്യക്തമാക്കി.എം.സി റോഡിൽ ബൈപ്പാസിന്റെ തുടക്കമായ മഴുവങ്ങാട്ചിറ മുതൽ അവസാനിക്കുന്ന രാമഞ്ചിറ വരെയുള്ള ഭാഗങ്ങൾ സംഘം സന്ദർശിച്ചു.ബൈപ്പാസിന്റെ വൈ.എം.സി.എ ജംഗ്‌ഷനിലെ മേൽപ്പാലവുമായി അപ്പ്രോച്ച്റോഡ് ബന്ധിപ്പിക്കുന്ന ജോലികൾ മാർച്ച് ആദ്യം പൂർത്തിയാക്കും.ഈ മേൽപ്പാലവുമായി റോഡ് ബന്ധിപ്പിക്കുന്നതോടെ മഴുവങ്ങാട്ചിറ മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗം ഗതാഗതയോഗ്യമാകും.ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് 400ലോഡ് മണ്ണ് വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. രാമഞ്ചിറയിൽ മേൽപ്പാലത്തിന്റെ പൈലിംഗ് ജോലികൾ ഇന്നലെ പൂർത്തിയായി.എം.സി.റോഡിൽ രാമഞ്ചിറയിൽ നിന്നും മല്ലപ്പള്ളി റോഡുമായി ബന്ധിപ്പിക്കുന്ന മേൽപാലത്തിനായുള്ള തൂണുകൾ,ഹാമർഹെഡ്,ഗർഡറുകൾ,സ്ളാബുകൾ, അപ്പ്രോച്ച് റോഡ് എന്നീ ജോലികൾ ഇനി പൂർത്തിയാക്കണം.എട്ടു ഹാമർഹെഡുകളിലായി ഉറപ്പിക്കേണ്ട 36 ഗർഡറുകൾ നിർമ്മിക്കണം.12 ഗർഡറുകൾ വീതം ഓരോമാസവും പൂർത്തിയാക്കി നിർമ്മാണം വേഗത്തിലാക്കും. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ എം.ജി. രാജമാണിക്യം,ചീഫ് എൻജിനിയർ ഡാർലി ഡിക്രൂസ്, മൂവാറ്റുപുഴ എക്സിഎൻജിനിയർ എം.സി സുഷമ,കൺസൽട്ടന്റ് വർഗീസ് കുര്യൻ,അസി.എൻജിനിയർ റഹ്മത്ത് ബീവി,കരാർ എടുത്തിട്ടുള്ള മൂവാറ്റുപുഴ ആസ്ഥാനമായ എസ്.എസ്.ജി.എച്ച്.വി ഇന്ത്യ കമ്പനി ഉടമ സഞ്ജു മുഹമ്മദ്,പൊതുമരാമത്ത് അസി.എക്സി.എൻജിനിയർ സുബാഷ്, എന്നിവർക്കൊപ്പം മാത്യു ടി.തോമസ് എം.എൽ.എ,നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, മുൻസിപ്പൽ കൗൺസിലർ ഷാജി തിരുവല്ല എന്നിവർ സ്ഥലം സന്ദർശിച്ചു.
2.4 കിലോമീറ്ററിൽ ആറ് സിഗ്നലുകൾ
ബൈപ്പാസ് പൂർത്തിയാകുന്നതോടെ ഇടയ്ക്കിടെ ബന്ധിക്കുന്ന റോഡുകളിൽ ആറിടത്ത് സിഗ്‌നൽ സംവിധാനം സ്ഥാപിക്കും.സിഗ്‌നലിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി വാഹനയാത്രക്കാരുടെ കാത്തിരിപ്പ് കുറയ്ക്കാനാകുമോയെന്നു പരിശോധിക്കും.
വികസനം പുഷ്പഗിരി റോഡിലും
പുഷ്പഗിരി റോഡിൽ ബൈപ്പാസുമായി ബന്ധിക്കുന്ന ഭാഗത്ത് വീതികൂട്ടി വികസിപ്പിക്കും.ഇതിനായി നഗരസഭയുടെ അനുമതി നേടിയെടുക്കും.ബൈപ്പാസിൽ ആവശ്യമായ സ്ഥലങ്ങളിൽ ക്രാഷ് ഗാർഡുകളും എൽ.ഇ.ഡി തെരുവ് വിളക്കുകളും സ്ഥാപിക്കും.നഗരത്തിലെ എം.സി റോഡിന്റെ നിർമ്മാണവും വിലയിരുത്തിയശേഷമാണ് കെ.എസ്.ടി.പി സംഘം മടങ്ങിയത്.
23 വർഷംമുമ്പ് 1996ൽ ആരംഭിച്ച പദ്ധതി കേസുകളും സാങ്കേതിക പിഴവുകളും കാരണം നീണ്ടുപോയി.
-നിർമ്മാണം പുന:രാരംഭിച്ചത് ലോക ബാങ്കിന്റെ സഹായത്തോടെ 37 കോടിരൂപ ചെലവഴിച്ച്