അടൂർ: മദ്യലഹരിയിൽ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ കേസിൽ തെങ്ങമം മണിമംഗലത്ത് വീട്ടിൽ മധുകുമാർ (48) നെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 3 ന് രാത്രി 10.15 ഓടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ബന്ധുവുമായി ആശുപത്രിയിൽ എത്തിയതായിരുന്നു മധുകുമാർ. തലയ്ക്ക് പരിക്കേറ്റ് രക്തസ്രാവം ഉള്ളതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അടിയന്തരമായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ ജനറൽ ആശുപത്രിയിയിൽ തന്നെ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മധു ഡോക്ടറോടും ജീവനക്കാരോടും തട്ടി കയറുകയും അപമര്യാദയായി സംസാരിച്ചതിനൊപ്പം മൊബൈൽ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ സമാധാനപ്പെടുത്തി രോഗിയുമായി അംബുലൻസിൽ കയറ്റി വിട്ടു. എം.സി റോഡിൽ പ്രവേശിക്കുന്നതിനിടെ മധുകുമാർ അംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതോടെ യാത്ര തുടരാനാകാതെ രോഗിയെ തിരികെ ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആശുപത്രി സൂപ്രണ്ടും വനിതാ ഡോക്ടറും ചേർന്ന് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.