പരമ്പരാഗത പാതയിൽ പാചകത്തിന് നിയന്ത്രണം

ശബരിമല: പരമ്പരാഗത പാതയിൽ ചെറിയാന വട്ടം മുതൽ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക വിരികളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. മതിയായ സുരക്ഷ ഉറപ്പുവരുത്താൻ ഫോറസ്റ്റ്, ഫയർഫോഴ്‌​സ്, പൊലീസ് അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടന്ന് ഡ്യൂട്ടി മജിസ്‌​ട്രേറ്റ് പറഞ്ഞു. പമ്പ എക്‌​സിക്യൂട്ടീവ് മജിസ്‌​ട്രേറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്‌​കോഡ് പമ്പയിലെ വിവിധ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളും പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ കണ്ടെത്തുകയും കരാറുകളിൽ നിന്ന് 1,28,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പമ്പയിലെ താൽക്കാലിക വിരിവയ്പ്പ് കേന്ദ്രത്തിൽ ഭക്തരെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിഴ ഇടാക്കി. പമ്പയിൽ ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ അടിഞ്ഞു കൂടി കിടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് അവ കാര്യക്ഷമമായി നീക്കം ചെയ്യാൻ കരാറുകരന് നിർദേശം നൽകി, വേണ്ട നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. റവന്യൂ, സിവിൽ സപ്ലൈസ്, ലീഗൽ ,അരോഗ്യ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.


കാട്ടുപന്നിയുടെ ആക്രമണം: അയ്യപ്പഭക്തർ ചികിത്സതേടി

കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ അയ്യപ്പഭക്തർ പമ്പ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഒമ്പതോളം അയ്യപ്പഭക്തർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നിസാര പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചു. പരിക്കേറ്റവരിൽ മലയാളികളും തമിഴ്‌​നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരും ഉൾപ്പെടുന്നു.