ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡൽഹി പൊലീസ് അറസ്‌റ്റു ചെയ‌്‌ത് തീഹാർ ജയിലിലടച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യ നിലയിൽ ആശങ്കയെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും അനുയായികൾ ആവശ്യപ്പെട്ടു. രക്തത്തിന് കട്ടികൂടുന്ന അസുഖമുള്ള ആസാദിന്റെ ചികിത്സ മുടങ്ങിയതിനാൽ ഹൃദയാഘാത സാദ്ധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്‌ടർ ഹർജീത് സിംഗ് ഭട്ടി ട്വീറ്റ് ചെയ്തിരുന്നു. ആസാദിനെ അടിയന്തരമായി എയിംസിൽ പ്രവേശിപ്പിക്കണമെന്ന് ഭട്ടി ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു.
എന്നാൽ പതിവു പരിശോധനകളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് തീഹാർ ജയിൽ അധികൃതരുടെ വാദം. ഡിസംബർ 21ന് ജുമാമസ്‌ജിദിന് സമീപം നടത്തിയ ദേശീയ പൗരത്വ ഭേദഗതി വിരുദ്ധ പരിപാടിക്കിടെയാണ് ആസാദ് അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ഒന്നരവർഷമായി രക്തം കട്ടപിടിക്കുന്നത് തടയാനായി രണ്ടാഴ്‌ചയിലൊരിക്കൽ ചുവപ്പ് രക്തകോശങ്ങൾ നീക്കം ചെയ്യുന്ന (ഫ്ളീബോട്ടമി) ചികിത്സയ്ക്ക് വിധേയനാണ് ആസാദെന്ന് ഡോക്‌ടർ പറഞ്ഞു. ഒരാഴ്‌ച മുമ്പ് നടത്തേണ്ട ഫ്ളീബോട്ടമി മുടങ്ങിയത് ആശങ്കയുണ്ടാക്കുന്നതായും എത്രയും പെട്ടെന്ന് ആസാദിനെ എയിംസിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആസാദിന് തലവേദന, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളുണ്ടെന്ന് വെള്ളിയാഴ്‌ച ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ച ഭീം ആർമി വക്‌താവ് ഖുശ് അംബേദ്‌കർ വാദിയും പറഞ്ഞിരുന്നു. ആസാദിനെ ആശുപത്രിയിലാക്കാതെ തീഹാർ ജയിൽ അധികൃതർ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഭീം ആർമി ആരോപിച്ചു.