 സ്ഥാനാർത്ഥിയെപ്പറ്റി ഊഹാപോഹങ്ങൾ മാത്രം

ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പ്രാംരംഭ ആലോചനകൾ യു.ഡി.എഫ്, എൽ.ഡി.എഫ് കേന്ദ്രങ്ങൾ തുടങ്ങി. തങ്ങളുടെ സീറ്രിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾക്ക് എൻ.സി.പിയും തുടക്കമിട്ടു. തോമസ് ചാണ്ടിയുടെ ഭാര്യ മേഴ്സി ചാണ്ടിയെയോ, അനുജൻ തോമസ് ജെ.തോമസിനെയോ മത്സരിപ്പിക്കാനാണ് എൻ.സി.പിയുടെ ആലോചന.

കേരള കോൺഗ്രസിൽ ജോസ് വിഭാഗത്തിൽ നിന്ന് ചില അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹമാവും സ്ഥാനാർത്ഥി. എൻ.സി.പിയിൽ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ സി.പി.എം തയ്യാറാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തോമസ് ചാണ്ടിയുടെ ഭാര്യ മത്സരിക്കുന്നത് ഉചിതമാവുമെന്ന് സി.പി.എം നേതൃത്വം കരുതുന്നു. എന്നാൽ ചാണ്ടി കുടുംബവുമായി ഇതേക്കുറിച്ച് ചർച്ചകളൊന്നും നടത്തിയിട്ടില്ല. ചാണ്ടിയുടെ കുവൈറ്റിലെ സ്കൂളുകളുടെ മേൽനോട്ടം ഇപ്പോൾ വഹിക്കുന്നത് മേഴ്സി ചാണ്ടിയാണ്.അതിനാൽ അവർ മത്സരരംഗത്തേക്ക് വരുമോയെന്ന് വ്യക്തമല്ല. എന്തു തർക്കമുണ്ടായാലും കേരള കോൺഗ്രസിൽ നിന്ന് സീറ്റ് തിരിച്ചെടുക്കേണ്ടെന്നാണ് കോൺഗ്രസിന്റെയും നിലപാട്. മാത്രമല്ല പടലപ്പിണക്കം അവസാനിപ്പിച്ച് കേരള കോൺഗ്രസിൽ ഐക്യം പുനഃസ്ഥാപിക്കാനുള്ള അവസരമായി കുട്ടനാട് ഉപതിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താമെന്നും കോൺഗ്രസിൽ അഭിപ്രായമുണ്ട്.

പാലായിൽ ജോസ് കെ.മാണി നിർദ്ദേശിച്ച ആളിനെയാണ് സ്ഥാനാർത്ഥിയാക്കിയത്. പാർട്ടി ചെയർമാനായി ജോസഫിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയും, അതേ ചെയർമാൻ പാർട്ടി ചിഹ്നം നൽകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തതിനാലാണ് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവാതെ വന്നത്. ആ സാഹചര്യം കുട്ടനാട്ടിൽ ഉണ്ടാവരുതെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു.

 കുത്തക പൊളിച്ചത് ചാണ്ടി

കുട്ടനാട് സീറ്റ് 1977 മുതൽ 2001 വരെ കേരള കോൺഗ്രസിന്റെ കുത്തകയായിരുന്നു.1977ൽ കേരള കോൺഗ്രസിലെ ഈപ്പൻ കണ്ടകുടി സി.പി.എമ്മിലെ കെ.പി.ജോസഫിനെ തോൽപ്പിച്ചു. 1980ൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി ഉമ്മൻമാത്യു ജയിച്ചപ്പോഴും എതിരാളി കെ.പി.ജോസഫായിരുന്നു. 82ൽ ജോസഫ് വിഭാഗക്കാരനായ ഡോ.കെ.സി.ജോസഫ്, സി.പി.എമ്മിലെ ജി.സുധാകരനെ തോൽപ്പിച്ചു. തുടർന്ന് 87,1991, 96, 2001തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന് തിര‌ിഞ്ഞു നോക്കേണ്ടിവന്നില്ല.2006ൽ ഡി.ഐ.സി പ്രതിനിധിയായി എത്തിയ തോമസ്ചാണ്ടിയാണ് ഡോ.കെ.സി. ജോസഫിന്റെ അശ്വമേധത്തിന് കടിഞ്ഞാണിട്ടത്. 5381 വോട്ടുകൾക്കാണ് ചാണ്ടി അന്ന് വിജയിച്ചത്. 2011ൽ എൻ.സി.പി പ്രതിനിധിയായി ഇടതുപക്ഷത്ത് നിന്ന് ചാണ്ടി വീണ്ടും കെ.സിക്കെതിരെ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 7,971 വോട്ടുകളായി . 2016ൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനെയാണ് 4,891 വോട്ടുകൾക്ക് തോമസ് ചാണ്ടി തോൽപ്പിച്ചത്.