പരിശോധനയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
കോട്ടയം: പ്ലാസ്റ്റിക്ക് നിരോധനം കൃത്യമായി നടപ്പാക്കുന്നു എന്നുറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധനയ്‌ക്കിറങ്ങുന്നു. ശുചിത്വ മിഷന്റെ നിർദേശ പ്രകാരം പ്ലാസ്റ്റിക്ക് ശേഖരിക്കുന്ന ഗൗഡൗണുകളിലും നിർമ്മാണ യൂണിറ്റുകളിലുമാണ് പരിശോധന നടത്തുക. സ്റ്റോക്ക് ചെയ്‌തിരിക്കുന്ന പ്ലാസ്റ്റിക്ക് വിറ്റു തീർക്കാൻ സ്ഥാപനങ്ങൾക്ക് 15 വരെ സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനു ശേഷവും പ്ലാസ്റ്റിക്ക് സ്റ്റോക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന.
സംസ്ഥാനത്ത് ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വ്യാപാരികളുടെ സമര പ്രഖ്യാപനത്തെ തുടർന്നാണ്
സ്റ്റോക്കുള്ള പ്ലാസ്റ്റിക്ക് വിറ്റഴിക്കുന്നതിന് സംസ്ഥാന സർക്കാർ സമയം നീട്ടിനൽകിയത്. എന്നാൽ ഇതിന്റെ മറവിൽ വ്യാപാരികൾ കൂടുതലായി പ്ലാസ്റ്റിക്ക് സ്റ്റോക്ക് ചെയ്യുന്നതായി ശുചിത്വ മിഷന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ശുചിത്വ മിഷൻ അധികൃതർ സംഭരണ കേന്ദ്രങ്ങളിലും, ഉത്പാദന യൂണിറ്റുകളിലും പരിശോധന നടത്താൻ നിർദേശം നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ രജിസ്റ്റർ ചെയ്‌ത എല്ലാ കേന്ദ്രങ്ങളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഈ കേന്ദ്രങ്ങളിൽ നിലവിലുള്ള പ്ലാസ്റ്റിക്കിന്റെ സ്റ്റോക്ക് ശുചിത്വ മിഷന് കൈമാറും. തുടർന്ന് പതിനഞ്ചിനു ശേഷം ഇതേ കേന്ദ്രങ്ങളിൽ വീണ്ടും പരിശോധന നടത്തും. ഇവിടെ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്റ്റോക്കില്ലെന്ന് ഉറപ്പാക്കാനാണ് രണ്ടാംഘട്ട പരിശോധന.
പൂട്ടിയത് 323 യൂണിറ്റുകൾ
ജില്ലയിലെ 323 ചെറുകിട പ്ലാസ്റ്റിക്ക് യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്. ഈ പ്ലാസ്റ്റിക്ക് യൂണിറ്റുകളിൽ ലക്ഷക്കണക്കിന് കിലോ പ്ലാസ്റ്റിക്കാണ് കെട്ടിക്കിടക്കുന്നത്. ഈ പ്ലാസ്റ്റിക്കുകൾ പതിനഞ്ചിനു മുൻപ് വിറ്റ് തീർക്കാൻ സാധിക്കുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ സമയം സർക്കാർ അനുവദിക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
കർശന നടപടി
ഇനി വിട്ടുവീഴ്‌ചയില്ല. കർശന നടപടികളിലേയ്‌ക്കാണ് സർക്കാർ കടക്കുന്നത്. ഇതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തുന്നത്.
ഫിലിപ്പ് ജോസഫ്, ശുചിത്വ മിഷൻ