കോട്ടയം: ജില്ലയിൽ അർഹരായ മുഴുവനാളുകൾക്കും ഒരു വർഷത്തിനകം പട്ടയം വിതരണം ചെയ്യുമെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. വൈക്കം നാനാടത്ത് ലാൻഡ് റവന്യു വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും റീബിൽഡ് കേരള പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി താമസിക്കുന്ന ഭൂമിയുടെ കൈവശാവകാശം ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിയിരുന്ന നിരവധി പേർക്ക് പട്ടയമേളകളിലൂടെ ആശ്വാസം നൽകാനായി. വനാതിർത്തിയുമായി ബന്ധപ്പെട്ട തകർക്കങ്ങളുള്ളവയാണ് ശേഷിക്കുന്നത്. ഇത്തരം സ്ഥലങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിന് റവന്യു-വനം വകുപ്പുകൾ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആതുരാശ്രമം ഇംഗ്ലീഷ് യു.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 151 പേർക്ക് പട്ടയം വിതരണം ചെയ്തു. 30 പേർക്ക് വീടിന്റെ താക്കോലും കൈമാറി. വടക്കേമുറി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.കെ. ആശ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രൻ, വൈക്കം മുനിസിപ്പൽ ചെയർമാൻ പി. ശശിധരൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുനിൽകുമാർ, എ.ഡി.എം അലക്‌സ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.