crime

എഴുകോൺ: വ്യാപാരിയെ രാത്രിയിൽ വഴിതടഞ്ഞ് ആക്രമിച്ച സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.

കടയ്ക്കോട്‌ ലക്ഷ്മി സ്റ്റോർ ഉടമ കടയ്ക്കോട്‌ ലക്ഷ്മിയിൽ സുരേന്ദ്രന്റെ കാൽ തല്ലിയൊടിച്ച സംഭവത്തിലാണ് അമ്പലത്തുംകാല വണ്ടിപേട്ട വീട്ടിൽ അംബരീഷ് (26), കാക്കകൊട്ടൂർ വിഷ്ണു ഭവനിൽ വിശാഖ് (24), ചിറയിൻകീഴ് പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (30) എന്നിവരെ അറസ്റ്റു ചെയ്തത്. ഇൗ മാസം 2ന്‌ രാത്രി 9 ഓടെ കടയ്ക്കോട് ജംഗ്ഷനിലെ സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് വരുന്നവഴി ഇരുട്ടത്ത് പതുങ്ങിനിന്ന അഞ്ചംഗ സംഘം സുരേന്ദ്രനെ മർദ്ദിക്കുകയായിരുന്നു. നമ്പർ ഇല്ലാത്ത പുതിയ കാറിലാണ് അക്രമി സംഘം എത്തിയത്. രണ്ടു മാസം മുൻപ് സുരേന്ദ്രനും കടയ്ക്കോട്‌ സ്വദേശി അനിൽകുമാറും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. അതിന്റെ വൈരാഗ്യത്തിൽ സുരേന്ദ്രനെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തതാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

മൂന്നുപ്രതികളെക്കൂടി പിടിക്കാനുണ്ടെന്ന് എഴുകോൺ എസ്.ഐ പറഞ്ഞു. എഴുകോൺ സി.ഐ ശിവ പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു കുറുപ്പ്, ക്രൈം എസ്.ഐ രവികുമാർ, എസ്.സി.പി.ഒ ശ്രീജേഷ്, വനിത എസ്.സി.പി.ഒ ഷീബ, സി.പി.ഒ ഗണേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.