പത്തനംതിട്ട : ജില്ലയിലെ പുതിയ പ്ലാനിംഗ് ഓഫീസിന് തറക്കല്ലിട്ടിട്ട് അഞ്ച് വർഷമായെങ്കിലും നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇഴഞ്ഞു നീങ്ങിയ കെട്ടിടം നിർമ്മാണത്തിന് രണ്ടു തവണ കാലപരിധി നീട്ടി നൽകിയിരുന്നു. 2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട ഓഫീസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു കരാർ. എന്നാൽ ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം കാരണം വീണ്ടും കാലാവധി നീട്ടി നല്കുകയായിരുന്നു. ഈ വർഷം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും റൂഫിംഗ്,പ്ലമ്പിംഗ്,വൈദ്യുതീകരണം തുടങ്ങിയ പണികളൊന്നും ഇതുവരെ പൂർത്തിയായിട്ടില്ല. ഇതുവരെയുള്ള പണികൾക്ക് എട്ടേകാൽ കോടി രൂപയാണ് ചെലവായത്.കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ബാക്കി പണി പൂർത്തീകരിക്കാൻ ഇനി നാല് കോടി രൂപ കൂടി വേണമെന്നാണ് അധികൃതർ പറയുന്നത്.ആറ് നിലകെട്ടിടത്തിലാണ് പ്ലാനിംഗ് ഓഫീസ്. താഴത്തെ നിലയും തൊട്ടു മുകളിലത്തെ നിലയുടെ പകുതിയും പാർക്കിംഗിന് നൽകും.തുടർന്നുളള മൂന്നു നിലകൾ ഓഫീസുകളാണ്.ആറാം നില കോൺഫറൻസ് ഹാളായി ഉപയോഗിക്കും. മൂന്ന് വിംഗുകൾ ഒരുമിച്ചാൽ മാത്രമേ പ്ലാനിംഗ് ഓഫീസ് പൂർണമാകു.പ്ലാനിംഗ് ഓഫീസ്,ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്,എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ഒരുമിച്ചാൽ മാത്രമേ പദ്ധതി ആസൂത്രണം ചെയ്യാൻ സാധിക്കൂ.നിലവിൽ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ട് വിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിയ്ക്കുന്നത്.ഇത് പദ്ധതി രൂപീകരണത്തെ ബാധിക്കും.

പ്ലാനിംഗ് ഓഫീസ് ആകെ ജീവനക്കാർ

പ്ലാനിംഗ് ഓഫീസ് :18

ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് :23

എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് : 22

>> 8.25 കോടി രൂപയുടെ പദ്ധതി. ഇനി നാല് കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജോലികൾ പൂർത്തിയാകു.

"ഫണ്ടിന്റെ അഭാവമാണ് പ്ലാനിംഗ് ഓഫീസിന്റെ പണി ഇഴയാൻ കാരണം. ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എത്രയും വേഗം പണി പൂർത്തീകരിക്കാനാണ് ശ്രമം. ഈ വർഷം അവസാനം ഉദ്ഘാടനം നടത്താനാണ് അധികാരികൾ ശ്രമിക്കുന്നത്. "

പ്ലാനിംഗ് ഓഫീസ് അധികൃതർ