ഏഴംകുളം: കൂലി കുടിശിക തീർത്ത് നൽകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഏഴംകുളം പഞ്ചായത്ത് തൊടുവക്കാട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഇന്നലെ തേപ്പുപാറ പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജോലി ചെയ്ത് ആറ് മാസം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ കൂലി നൽകിയിട്ടില്ല.കേന്ദ്ര സർക്കാർ നേരിട്ടാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത്.ഏഴംകുളം പഞ്ചായത്തിൽ 2.30 കോടി രൂപയാണ് കൂലി കുടിശിക ഉള്ളത്.കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ തൊടുവക്കാട് വാർഡ് കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്.വാർഡ് മെമ്പറായ വിജു രാധാകൃഷ്ണനും വാർഡിലെ തൊഴിലാളികളുമാണ് സത്യാഗ്രഹം അനുഷ്ഠിച്ചത്. സമരം എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ കൊടുമൺ ഏരിയ സെക്രട്ടറി കെ.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ വാർഡ് പ്രസിഡന്റ് രശ്മി ജയൻ അദ്ധ്യക്ഷയായി.യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി എസ്.സി ബോസ്,പഞ്ചായത്ത് സെക്രട്ടറി സി.മോഹനൻ നായർ,സി.പി.എം ഏഴംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കമലാസനൻ,യൂണിയൻ വാർഡ് പ്രസിഡന്റ് അജിതാ സുധാകരൻ,മനോഹരൻ,അജിചരുവിള എന്നിവർ സംസാരിച്ചു.