അടൂർ: രണ്ടാമത് അടൂർ ജനകീയ ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച അടൂർ ലാൽസ് റെസിഡൻസി ഓഡിറ്റോറിയത്തിൽ തിരിതെളിയും. രാവിലെ 9ന് അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ കഥാചിത്രമായ സ്വയംവരത്തിന്റെ പ്രദർശനത്തോടെ ചലച്ചിത്രോൽസവം ആരംഭിക്കും. 47വർഷങ്ങൾക്ക് ശേഷം ഈ ചിത്രം പ്രേക്ഷകർക്ക് വീണ്ടും കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ ബാബു ജോൺ, കൺവീനർ പ്രേം അടൂർ, അഡ്വ.സിദ്ധാർത്ഥൻ ഇടയ്ക്കാട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.11ന് സാംസ്കാരിക ക്ഷേമനിധി ചെയർമാൻ പി.ശ്രീകുമാർ ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്യും.ചലച്ചിത്രോത്സവ സംഘാടക സമിതി ചെയർമാൻ ബാബു ജോൺ അദ്ധ്യക്ഷനാകും. 11.30ന് ജിയോബേബി സംവിധാനം ചെയ്ത കുഞ്ഞു ദൈവം എന്ന കുട്ടികളുടെ ചലച്ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് ജിയോബേബിയും ഹ്രസ്വചിത്ര സംവിധായകരും പങ്കെടുക്കുന്ന മുഖാമുഖം പരിപാടി. 2.30 മുതൽ ഹ്രസ്വചിത്രങ്ങളായ സീതകളി, ബീക്കൺ,വി ദി പ്യൂപ്പിൾ, ഭൂമിഗീതങ്ങൾ എന്നിവ പ്രദർശിപ്പിക്കും.4ന് അറബി അറാമിക്ക് ചിത്രമായ കാപേർണം പ്രദർശിപ്പിക്കും.6ന് മൃണാൾ സെൻ, ലെനിൻ രാജേന്ദ്രൻ, എം ജെ രാധാകൃഷ്ണൻ,രാമചന്ദ്രബാബു, ആർ.ആർ മോഹൻ, കെ.പി ചന്ദ്രൻ എന്നിവരുടെ അനുസ്മരണം നടക്കും.10ന് രാവിലെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിൽ രാവിലെ 9ന് ഫാസിസ്റ്റ് വിരുദ്ധ സിനിമ എന്ന നിലയിൽ ശ്രദ്ധേയമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രം പ്രദർശിപ്പിക്കും.11ന് സാമൂഹ്യ പ്രവർത്തകയായ ദയാബായി മുഖ്യ കഥാപാത്രമായ കാന്തൻ എന്ന മലയാള ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് സംവിധായകൻ ഷെറീഫുമായി യുവസംവിധായകർ അഭിമുഖം നടത്തും. 2 മുതൽ ഹ്രസ്വചിത്രങ്ങളായ വസൂരി, ബ്ളുപെൻസിൽ, നിള, എവിടേക്ക്, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്നിവ പ്രദർശിപ്പിക്കും. 3.30ന് മലയാള ചലചിത്രമായ ബിലാത്തിക്കുഴൽ പ്രദർശിപ്പിക്കും തുടർന്ന് ലോക സിനിമ വിഭാഗത്തിൽ ഷോപ്പ് ലിഫ്റ്റേഴ്സ് എന്ന ചിത്രം പ്രദർശിപ്പിക്കും.വിവിധ സ്കൂളുകളിലെ 50 കുട്ടികൾ പ്രത്യേക പ്രതിനിധികളായി പങ്കെടുക്കും.സംസ്ഥാന മലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം എന്നിവയുടെ സഹകരണത്തോടെ ചിദംബരം ഫിലിം സൊസൈറ്റിയാണ് ചലച്ചിത്രോൽസവത്തിന് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്.