കോഴഞ്ചേരി: സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ നവതി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ കുറുംതോട്ടിക്കൽ റവ.കെ.ടി തോമസ് സ്ഥാപിച്ച വിദ്യാലയം 90 വർഷം പിന്നിടുമ്പോൾ നിരവധി പ്രതിഭകളെയാണ് നാടിന് സംഭാവന ചെയ്തതെന്ന് ഭാരവാഹികൾ പറഞ്ഞു.നവതി ആഘോഷണങ്ങളുടെ ഭാഗമായി സെന്റ് തോമസ് മാർത്തോമ്മാ ഇടവക,പൂർവ വിദ്യാർത്ഥി സംഘടനാ,പി.ടി.എ എന്നിവയുടെ സഹകരണത്തിൽ വികസന വിജ്ഞാന പ്രവത്തനങ്ങൾ നടത്തുമെന്ന് ജന.കൺവീനർ ബിനു സക്കറിയ,ഹെഡ്മിസ്ട്രസ് എലിസബേത് ജോസഫ് എന്നിവർ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ 55 വർഷം പൂർണ വിജയം നേടിയ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വനിതകൾ ലോകമെമ്പാടും ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.ഇവരുടെ സഹകരണം പിൻ തലമുറയ്ക്ക് സഹായകമായതായും ഭാരവാഹികളായ കെ.കെ.റോയി​സൺ,മോട്ടി ചെറിയാൻ എന്നിവർ അറിയിച്ചു.നവതിയുടെ ഭാഗമായി 75 ലക്ഷം രൂപ ചെലവിൽ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നുണ്ട്.പൂർവ വിദ്യാർത്ഥി സമ്മേളനം,ഗുരുവന്ദനം ശാസ്ത്ര സാങ്കേതിക പ്രദർശനം,മാജിക് ഷോ,പഠന ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മാനേജർ.റവ.വറുഗീസ് ഫിലിപ്,ട്രസ്റ്റി വറുഗീസ് സാമുവേൽ,സ്‌കൂൾ ബോർഡ് ട്രസ്റ്റി കുര്യൻ മടക്കൽ , ബോണി കോശി തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽ​കും.