കോഴഞ്ചേരി: ജില്ലാ കഥകളി ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കും കഥകളിമേളയ്ക്കും അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് വർണ്ണാഭമായ തുടക്കം. കഥകളിയെന്ന കല ജാതിക്കും മതത്തിനും അതീതമാണെന്നും കഥകളിയ്ക്കു മാത്രമല്ല ഒരു കലയ്ക്കും ആർക്കും ഭ്രഷ്ട് കൽപ്പിക്കാനാവില്ലെന്നും മേള ഉദ്ഘാടനം ചെയ്ത ഡോ. കലാമണ്ഡലം ഗോപി പറഞ്ഞു. 1995 ൽ താനും കവി കടമ്മനിട്ട രാമകൃഷ്ണനും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത കഥകളി ക്ലബ്ബ് കലാലോകത്തിന്റെ പൊൻതൂവലായി മാറിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ കഥകളി ക്ലബ്ബുകൾ രൂപീകരിക്കുന്നത് മാതൃകാപരമാണെന്ന് രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ പി. ബി. നൂഹ് പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് വി. എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. കഥകളി ചെണ്ട വാദകൻ കലാഭാരതി ഉണ്ണികൃഷ്ണന് നാട്യഭാരതി അവാർഡും സാഹിത്യ നിരൂപകൻ ഡോ. പി. കെ. രാജശേഖരന് പ്രൊഫ. എസ്. ഗുപ്തൻ നായർ പുരസ്കാരവും നൽകി ആദരിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കിയ സ്പെഷ്യൽ കവറിന്റേയും സ്റ്റാമ്പിന്റെയും പ്രകാശനം പോസ്റ്റൽ സർവ്വീസ് ഡയറക്ടർ സെയ്ദ് റഷീദ് കലാമണ്ഡലം ഗോപിക്കു നൽകി നിർവ്വഹിച്ചു. ഡോ. ജോസ് പാറക്കടവിൽ ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കഥകളി നടൻ തോന്നയ്ക്കൽ പീതാംബരൻ രചിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ കഥകളി, ട്രയിനിംഗ് ഓഫ് ആൻ ആക്ടർ എന്ന കൃതിയുടെ പ്രകാശനം നടന്നു. പ്രസാദ് കൈലാത്ത്, ദിലീപ് അയിരൂർ, പി. പി. രാമചന്ദ്രൻ പിള്ള, ടി. ആർ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നളചരിതത്തിലെ കേശിനീമൊഴി, പ്രലോഭനം എന്നീ രംഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. നാട്യഭാരതി മഹാദേവൻ, കലാനിലയം രാകേഷ് എന്നിവരുടെ സന്ധ്യാകേളിക്കു ശേഷം കെ. എൽ. കൃഷ്ണമ്മ നളചരിതം ഒന്നാം ദിവസം ആദ്യഭാഗം കഥകളിക്ക് ആട്ടവിളക്ക് തെളിച്ചു.
നളവര നരനായി കലാമണ്ഡലം ഗോപി
സ്വർഗതുല്യമായ നിഷധരാജ്യത്ത് കീർത്തിയോടെ ചക്രവർത്തിയായി വാഴുന്ന ലോകൈക വീരനാണ് നളമഹാരാജാവെന്ന് നായകനെ പരിചയപ്പെടുത്തുന്ന ശ്ലോകത്തോടെയാണ് നളചരിതം ഒന്നാം ദിവസം കഥകളി ആരംഭിച്ചത്. ഈ വിശേഷണങ്ങളെല്ലാം പത്മശ്രീ കലാമണ്ഡലം ഗോപിയുടെ നളവേഷത്തിൽ ഇണങ്ങി. മികച്ച നളവേഷധാരികളിലൊരാളായ കലാമണ്ഡലം ഗോപി ഇന്നലെ കളിയരങ്ങിൽ വിപ്രലംഭ ശൃംഗാരം ഉജ്ജ്വലമായി ആടിപ്പൊലിപ്പിച്ചു. സൗവർണ്ണ ഹംസമായി സദനം ഭാസി വേഷമിട്ടു. കലാമണ്ഡലം കൃഷ്ണദാസ് നയിച്ച ഇരട്ടിമേളപ്പദവും കഥകളിമേളയ്ക്ക് ഉജ്ജ്വലമായ തുടക്കം നൽകി. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ജയപ്രകാശ് തുടങ്ങിയവർ നയിച്ച പാട്ടും മികവ് പുലർത്തി.
കഥകളിമേളയിൽ ഇന്ന്
രാവിലെ 10.30 കഥകളി ആസ്വാദന കളരി ഉദ്ഘാടനം: അന്നപൂർണ്ണാദേവി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്). അദ്ധ്യക്ഷൻ:സഖറിയ മാത്യു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കോഴഞ്ചേരി ഗവ. ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ജി രമണിയെ ആദരിക്കുന്നു. 11ന് കഥകളി ഡമോൺസ്ട്രേഷൻ അവതരണം : പീശപ്പള്ളി രാജീവ് 6.30 ന് ആട്ടവിളക്ക് തെളിക്കൽ കെ. ചെല്ലമ്മ മണ്ണൂർ താഴത്തേതിൽ നളചരിതം ഒന്നാംദിവസം രണ്ടാംഭാഗം (സാരീനൃത്തം സ്വയംവരം വരെ)