07-anto-antony

പത്തനംതിട്ട: മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നിയമം ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ മേൽ എന്തും അടിച്ചേൽപ്പിക്കാമെന്ന മോദി സർക്കാരിന്റെ വ്യാമോഹം ചെറുത്തുതോൽപ്പിക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെറുകോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂരിൽ നടത്തിയ ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് മതം മാനദണ്ഡമാക്കി പൗരത്വം നിശ്ചയിക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ജനാധിപത്യവും, മതേതരത്വവും കാത്തു സൂക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തൊട്ടാകെ ജനങ്ങളുടെ ധീരോദത്തമായ ചെറുത്തുനിൽപ്പിനു നേതൃത്വം നൽകുമെന്നും എം.പി പറഞ്ഞു. ധർണ്ണയിൽ പങ്കെടുത്തവർ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ ജ്വാല മെഴുകുതിരി കത്തിച്ചു നൽകി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എബ്രഹാം പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾ സലാം, സാമുവൽ കിഴക്കുപുറം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ എബ്രഹാം, പി. മോഹനചന്ദ്രൻ, പ്രകാശ്, അനൂപ് ഗീവർഗ്ഗീസ്, അഷറഫ്, റഹിംകുട്ടി, നിജു കുമാർ, അൻസാരി, സ്റ്റാലിൻ മണ്ണൂരേത്ത്, ജോമോൻ ജോസ്, രമേശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.