അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പ് മുഖേന നിർമ്മിച്ച് നൽകിയ 941 വീടുകളിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം 11ന് രാവിലെ 10ന് ഏഴംകുളം നാഷണൽ സെൻട്രൽ സ്കൂളിൽ നടക്കും. മന്ത്രി കെ.രാജു കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. പാർലമെന്റ് അംഗങ്ങൾ, എം.എൽ എ മാർ,ജില്ലാ,ബ്ലോക്ക്,പഞ്ചായത്ത് അദ്ധ്യക്ഷൻമാർ, മറ്റ് ജനപ്രതിനിധികൾ,രാഷ്ടീയ പാർട്ടി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. സ്വന്തമായ വീടെന്നതിനൊപ്പം അന്തസാർന്ന തൊഴിലും ജീവനോപാധികളും വിവിധ വകുപ്പുകൾ നടപ്പിലാക്കുന്നുണ്ട്. അവയെ കുറിച്ചുള്ള വിവരങ്ങൾ ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനാ പ്രഭ,വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ് വകുപ്പ്,കൃഷിവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്,കുടുംബശ്രീ, ഐ.ടി.വകുപ്പ്,ഫിഷറീസ്,മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്,പട്ടികജാതി,പട്ടികവർഗ വകുപ്പ്,ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്,റവന്യു,ശുചിത്വമിഷൻ,വനിതാ ശിശു വികസനം,ഗ്രാമവികസന വകുപ്പ്,ലീഡ് ബാങ്ക് എന്നിവയിലുടെ ലഭ്യമാകുന്ന സേവനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിവരങ്ങളാകും ലഭ്യമാക്കുക.