പത്തനംതിട്ട : കോഴഞ്ചേരിയിൽ എത്തുന്ന കാൻസർ, ഡയാലിസിസ് രോഗികൾക്ക് യാത്ര ചെയ്യാൻ ഇനി രൂപ ഇല്ലെന്ന കാര്യത്തിൽ പേടിക്കണ്ട. സൗജന്യമായി അവരെ വീട്ടിലെത്തിയ്ക്കാൻ വിശ്വനാഥൻ എന്ന ഓട്ടോ ഡ്രൈവർ ഉണ്ടാകും. അത് ഇനി ഏതുപാതി രാത്രി ആയാലും വിശ്വനാഥന് മടിയില്ല. തെക്കേമല പുന്നയ്ക്കാട് ഷാജി ഭവനിൽ എം.എസ്.വിശ്വനാഥൻ രണ്ട് വർഷമായി ഇങ്ങനെ പാവപ്പെട്ടവരെ സഹായിക്കാൻ തുടങ്ങിയിട്ട്. എത്ര കോടീശ്വരനേയും പാവപ്പെട്ടവനാക്കുന്ന രോഗമാണ് കാൻസർ. തനിക്ക് കഴിയുന്നത് ചെയ്യുക അത്രമാത്രം. പ്രതിഫലമില്ലാതെ ചെയ്യുക. കോഴഞ്ചേരിയുടെ അഞ്ച് കിലോമീറ്റർ പരിസരത്തുള്ള എവിടെ എത്തണമെങ്കിലും വിശ്വനാഥൻ കൊണ്ടുവിടും. പക്ഷെ കാൻസർ, ഡയാലിസിസ് രോഗികളാണെന്ന് ഉറപ്പ് വേണം. ആരെങ്കിലും കബളിപ്പിയ്ക്കാനായി വിളിക്കരുതെന്നും അപേക്ഷയുണ്ട്.
രണ്ട് വർഷം മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ മുമ്പിൽ നിന്ന് ഒരു വൃദ്ധ ഓട്ടോയ്ക്ക് കൈകാണിച്ചു. മാരാമൺ ചിറയിറമ്പിലായിരുന്നു പോകേണ്ടത്. എൺപതിലധികം വയസിന്റെ അവശതയിൽ നടക്കാൻ പോലുമാകില്ലായിരുന്നു. വാഹനത്തിന് കൈകാണിച്ചിട്ട് എല്ലാവരും അവരെ അവഗണിച്ചു. ഇൗ സമയം വിശ്വനാഥൻ എത്തി ഒാട്ടോയിൽ അവരെ വീട്ടിലെത്തിച്ചു. ഇറങ്ങാൻ നേരം നൂറ്റമ്പത് രൂപ തന്നെങ്കിലും വാങ്ങിയില്ല. ആ വൃദ്ധയുടെ നിസഹായതയാണ് ആരു വന്നാലും ഉപേക്ഷിക്കരുതെന്ന തീരുമാനത്തിൽ വിശ്വനാഥനെ എത്തിച്ചത്. ഏറ്റവും ദുരിതം അനുഭവിക്കുന്നവർ കാൻസർ, ഡയാലിസീസ് രോഗികൾ ആയതിനാലാണ് അവർക്ക് മുൻഗണന നൽകുന്നത്.
രണ്ട് പെൺമക്കളാണ് വിശ്വനാഥന്. ഇരുവരെയും വിവാഹം കഴിപ്പിച്ചയച്ചു. ഇപ്പോൾ ഭാര്യ വാസന്തിയോടൊപ്പം പുന്നയ്ക്കാട്ടെ വിട്ടീലാണ് താമസം. നിരവധി പേരാണ് കാൻസർ രോഗത്തിനടിമകളായി നമ്മുടെ നാട്ടിലുള്ളത്. ചിലർക്ക് ചികിത്സയ്ക്കാൻ തന്നെ പണമില്ലാത്തവർ ആണ്. അങ്ങനെയുള്ളവർക്ക് വണ്ടിക്കൂലിയെങ്കിലും ലാഭിക്കാലോ എന്നാണ് വിശ്വനാഥൻ പറയുന്നത്. സ്ഥിരം കോഴഞ്ചേരി ആശുപത്രിയിൽ പോകുന്ന ചിലർ ഉണ്ട്. രോഗം മാറിയവരും ഉണ്ട്. ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് വിശ്വനാഥൻ ജീവിക്കുന്നത്. വിശ്വനാഥന്റെ ഫോൺ നമ്പർ : 9947367178.