കോഴഞ്ചേരി: കഥകളിയും കലകളും സമൂഹനന്മയ്ക്കു വേണ്ടിയുള്ളതാണെന്നും ഓരോ ഗുണപാഠങ്ങളാണ് ഓരോ കഥകളിയിലൂടെയും ജനങ്ങളിലെത്തുന്നതെന്നും കഥകളിമേളയുടെ രണ്ടാം ദിവസത്തെ വിദ്യാർത്ഥികൾക്കായുള്ള ആസ്വാദന കളരി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാ ദേവി പറഞ്ഞു. ക്ലബ്ബ് ട്രഷറാർ സഖറിയ മാത്യു അദ്ധ്യക്ഷത വഹിച്ചു. വേണു തടിയൂർ പ്രസംഗിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡു നേടിയ കോഴഞ്ചേരി ഗവ. ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപിക ജി.രമണിയെ ആദരിച്ചു. തുടർന്നു നടന്ന കഥകളി സോദാഹരണം കഥകളി നടൻ പീശപ്പള്ളി രാജീവൻ നയിച്ചു. കഥകളി ആസ്വാദനത്തിന്റെ ബാലപാഠങ്ങളായ മുദ്രകളും നവരസങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. പരിമണം മധു, കലാഭാരതി പീതാംബരൻ, കലാമണ്ഡലം അനീഷ് എന്നിവർ കഥകളി സോദാഹരണത്തിൽ പങ്കെടുത്തു. വൈകിട്ട് 6.30 ന് നളചരിതം ഒന്നാം ദിവസത്തിന്റെ രണ്ടാം ഭാഗമായ സാരീനൃത്തം മുതൽ സ്വയംവരംവരെയുള്ള കഥകളിക്ക് കെ. ചെല്ലമ്മ മണ്ണൂർതാഴത്തേതിൽ ആട്ടവിളക്ക് തെളിച്ചു.
മിന്നൽക്കൊടിപോലെ സദനം ഭാസിയുടെ സ്വർണ്ണവർണ്ണമരയന്നം
നളചരിതത്തിലെ പ്രധാന കഥാപാത്രമാണ് അരയന്നം. നളദമയന്തിമാരുടെ പ്രണയ ദൂതൻ ഹംസം നിറഞ്ഞാടിയ ദിവസമായിരുന്നു ഇന്നലെ. സദനം ഭാസിയുടെ മാസ്റ്റർപീസ് വേഷമാണ് ഹംസം. നരപതേ ഭവദഭിലാഷം എന്ന സാവേരി രാഗത്തിൽ ഹംസത്തിന്റെ പദം അപൂർവ്വമായാണ് അരങ്ങത്ത് ആടുന്നത്. ഭാസിയും നളവേഷത്തിലെത്തിയ പീശപ്പള്ളി രാജീവും കൂടി ആ രംഗം മനോഹരമാക്കി. തിരസ്ക്കരണി ഉപയോഗിച്ച് ദമയന്തിയെക്കണ്ട് ദേവന്മാരുടെ സന്ദേശം എത്തിക്കുന്ന നളന്റെ ധർമ്മ സങ്കടം പീശപ്പള്ളി അതീവ ഹൃദ്യമായി അവതരിപ്പിച്ചു. ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും ചേർന്ന് നളചരിതത്തിലെ സംഗീതാത്മകമായ പദങ്ങൾക്ക് ഭാവപ്പൊലിമയോടെ ശബ്ദം നൽകി.
മേളയിൽ ഇന്ന്
രാവിലെ 10.30 കഥകളി ആസ്വാദന കളരി
ഉദ്ഘാടനം : ടി.ടി. തോമസ് കുട്ടി (അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
അദ്ധ്യക്ഷൻ : പി. പി. രാമചന്ദ്രൻ പിള്ള
11 ന് കല്യാണസൗഗന്ധികം കഥകളി ചൊല്ലിയാട്ടം അവതരണം : പീശപ്പള്ളി രാജീവ് 6.30 ന് ആട്ടവിളക്ക് തെളിയിക്കൽ വി. കുട്ടപ്പൻ തടിയൂർ.
കഥകളി നളചരിതം രണ്ടാംദിവസം 1 - ാംഭാഗം (കുവലയ വിലോചനേ .... മുതൽ വേർപാട് രംഗം വരെ)