cleaning
ചാത്തങ്കരി തോടിന്റെ ആഴംകൂട്ടൽ ജോലികൾ പെരിങ്ങര കണ്ണാട്ടുകുഴിയിൽ ആരംഭിച്ചപ്പോൾ

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ തോടുകളുടെ ആഴംകൂട്ടൽ ജോലികൾക്ക് തുടക്കമായി. പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളുടെ ആഴംകൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജങ്കാറിൽ ഘടിപ്പിച്ച ഹിറ്റാച്ചിയുടെ സഹായത്തോടെയാണ് ആഴംകൂട്ടൽ ജോലികൾ നടക്കുന്നത്. മഹാപ്രളയത്തിനുശേഷം ചെളിയും എക്കലും അടിഞ്ഞുകൂടി അപ്പർകുട്ടനാട്ടിലെ മിക്ക തോടുകളും മാലിന്യങ്ങൾ നിറഞ്ഞു മലിനമായി കിടക്കുകയാണ്. പായലും പോളയും തിങ്ങിനിറഞ്ഞു ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ പല തോടുകളിലും ദുർഗന്ധവും രൂക്ഷമാണ്.പെരിങ്ങര പഞ്ചായത്തിലെ മണിമലയാറിന്റെ കൈവഴിയായ കണ്ണാട്ടുകുഴി മുതൽ ചാത്തങ്കരി വരെയുള്ള തോട് ആഴംകൂട്ടി നവീകരിക്കുന്ന പ്രവർത്തികളാണ് തുടങ്ങിയത്. 1.65 കിലോമീറ്റർ ദൂരത്തിൽ ഇവിടെ ശുചീകരണ ജോലികൾ നടത്തും. 65 മീറ്റർ നീളത്തിൽ തോടുകളുടെ സംരക്ഷണഭിത്തി നിർമ്മാണവും ഉൾപ്പെടെ 10.5 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്തിൽ ചെലവഴിക്കുന്നത്.നെടുമ്പ്രം പഞ്ചായത്തിലെ മണിപ്പുഴ തോടും 1.65 കിലോമീറ്റർ ദൂരത്തിൽ ആഴക്കൂട്ടി നവീകരിക്കുന്ന ജോലികളും ഇതോടൊപ്പം നടക്കും. 9ലക്ഷം രൂപ ചെലവഴിച്ചു 90 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമ്മാണവും മണിപ്പുഴ തോട്ടിൽ നടപ്പാക്കും.കൂടാതെ നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടി പുത്തൻതോട് നവീകരണ പദ്ധതിയിൽ വൈക്കത്തില്ലം തോടിന്റെ നവീകരണവും വേനൽക്കാലത്തിന് മുമ്പായി പൂർത്തിയാക്കും. ഇതിനായുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി.10.5 ലക്ഷം രൂപയുടെ പ്രവർത്തികളാണ് ഇവിടെ പൂർത്തിയാക്കുക.നീരൊഴുക്ക് തടസപ്പെടുത്തും വിധത്തിൽ ആറ്റുതീരങ്ങളിൽ നിന്നും തോടുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മുളകളും മാലിന്യങ്ങളുമെല്ലാം നീക്കി തോടുകൾ ആഴംകൂട്ടി നവീകരിക്കും.

-പദ്ധതിക്ക് 10.5 ലക്ഷം രൂപ

-9ലക്ഷം രൂപ ചെലവഴിച്ച് 90 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി

-1.65 കിലോമീറ്റർ ദൂരത്തിൽ ശുചീകരണ ജോലി