അടൂർ :സംസ്ഥാന ബഡ്ജറ്റിൽ ഇടം പിടിച്ച അടൂർ റിംഗ് റോഡ് പദ്ധതി ഇഴയുന്നു. 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ കഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ ധനമന്ത്രി ഇതിനായി അനുവദിച്ചിരുന്നു.അടിക്കടി വളർന്നുകൊണ്ടിരിക്കുന്ന നഗരം എന്ന നിലയിലാണ് റിംഗ് റോഡ് പദ്ധതി വിഭാവന ചെയ്തത്. അടൂർ ഹോളിക്രോസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കല്ലട ഇറിഗേഷന്റെ മെയിൻ കനാലിന്റെ ഇൻസ്പെക്ഷൻ റോഡ് റിംഗ് റോഡായി വികസിപ്പിക്കുന്നതിനാണ് രൂപരേഖ തയാറാക്കിയത്.അടൂർ - പത്തനംതിട്ട റോഡ്,കെ.പി റോഡ്,നെല്ലിമൂട്ടിൽപടി കനാൽ ജംഗ്ഷനിൽ എം.സി റോഡുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി. നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടായാൽ വാഹന ഗതാഗതം തിരിച്ചുവിടുന്നതിനൊപ്പം നഗരത്തിലെ ഗതാഗത തിരക്കു കുറയ്ക്കുന്നതിനും ഈ റോഡ് സഹായകമാകും.എന്നാൽ വർഷം മൂന്ന് കഴിഞ്ഞിട്ടും അന്തിമ രൂപരേഖ ഇനിയുമായില്ല.റോഡ് കടന്നു പോകുന്ന പാതയിൽ നിലവിലുള്ള മൂന്ന് പാലങ്ങൾ വീതി കൂട്ടി പുനർനിർമ്മിക്കണം.ഇതിനുള്ള മണ്ണ് പരിശോധന പൂർത്തീകരിച്ച് പാലത്തിന്റെ ഡിസൈൻ തയാറാക്കുന്ന ജോലി നടക്കുന്നതായാണ് അറിയുന്നത്. ഇക്കാര്യത്തിൽ തുടരുന്ന മെല്ലെ പോക്ക് എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ല.
നീളം: 8.350 കി.മീറ്റർ
റിംഗ് റോഡിന്റെ നേട്ടങ്ങൾ-------------------------
-നഗരത്തിൽ ഗതാഗത സ്തംഭന മുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചു വിടാം.
-നഗരത്തിന് പടിഞ്ഞാറു ഭാഗത്തു നിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയ്ക്കും ശബരിമലയ്ക്കും പോകേണ്ടവർക്ക് ടൗണിൽ എത്താതെ കുറഞ്ഞ ദൂരം കൊണ്ട് ആനന്ദപ്പള്ളിയിൽ പ്രവേശിക്കാം.
കനാൽ പുറമ്പോക്കായതിനാൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതുവഴിയുള്ള ബാദ്ധ്യതയും കുറയും.
ഡിസൈൻ ജോലികൾ പൂർത്തീയായാൽ ഉടൻ തന്നെ നടപടി ക്രമങ്ങളിലേക്ക് പ്രവേശിക്കും. റിംഗ് റോഡ് യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യും.
ചിറ്റയം ഗോപകുമാർ
(എം.എൽ.എ)
2017 - 18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ കഫ്ബി
പദ്ധതിയിൽ ഉൾപ്പെടുത്തി
20 കോടി രൂപ അനുവദിച്ചു