കോന്നി: കോന്നി ആനത്താവളത്തിൽ അവശനിലയിലായ പിഞ്ചു എന്ന ആനക്കുട്ടിക്ക് വനംവകുപ്പ് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്ന് വനം ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോന്നി ആനത്താവളത്തിലെത്തി പിഞ്ചുവിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏകദേശം നാലര വയസ് വരുന്ന പിഞ്ചുവിന് പേരിട്ടത് ഞാനാണ്. കാലിൽ ജൻമനായുണ്ടായ വൈകല്യമാണ് ആനയ്ക്ക് നടക്കുവാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചതും കാലിലേക്ക് നീര് പടരുവാൻ കാരണമായതെന്നും വെറ്റിനറി മെഡിക്കൽ സംഘം അറിയിച്ചിരുന്നു .സംഭവം അറിഞ്ഞപ്പോൾ തന്നെ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനിയും കൂടുതൽ ചികിത്സ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ,സി.പി.ഐ സംസ്ഥാന കൗൺസിലംഗം പി.ആർ ഗോപിനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ എം.പി.മണിയമ്മ,അഡ്വ കെ.ജി.രതീഷ് കുമാർ,സി.പി.ഐ ജില്ലാ കൗൺസിലംഗം എ.ദീപകുമാർ, കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.രാജേഷ്,കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ,കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇൻ ചാർജ്ജ് എസ് ഫസലുദീൻ,വെറ്റിനറി സർജ്ജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.