പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്കെതിരെ ഇടത്, കോൺഗ്രസ് ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. സർക്കാർ ഒാഫീസുകൾ പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ മുടങ്ങി. കെ.എസ്.ആർ.ടി.സിയുടെ പമ്പ സ്പെഷ്യൽ സർവീസുകൾ തടസമില്ലാതെ നടന്നു. വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. പണിമുടക്ക് രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച് ബി.എം.എസ്, എൻ.ജി.ഒ സംഘ് ജീവനക്കാർ പല സ്ഥാപനങ്ങളിലും ജോലിക്കെത്തി. എന്നാൽ, പണിമുടക്ക് അനുകൂലികൾ സ്ഥാപനങ്ങൾ അടപ്പിച്ചു.
കളക്ടറേറ്റിൽ ആകെയുളള 117 ജീവനക്കാരിൽ മൂന്നുപേർ മാത്രമാണ് ഹാജരായത്. അഞ്ചുപേർ ദീർഘാവധിയിലാണ്. 109 ജീവനക്കാർ ഹാജരായില്ല. കോടതികളടക്കം പ്രവർത്തിക്കുന്ന പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എഴുന്നൂറോളം ജീവനക്കാരിൽ മുപ്പതിനടുത്ത് ജീവനക്കാർ ഹാജരായി. റാന്നി പൊതുമരാമത്ത് ഒാഫീസിൽ ജോലിക്കെത്തിയവരെ പണിമുടക്ക് അനുകൂലികളെ ഇറക്കി വിട്ടു. തുറന്നു പ്രവർത്തിച്ച പൂങ്കാവ് പോസ്റ്റ് ഒാഫീസിന്റെ വാതിൽ പ്രകടനമായെത്തിയവർ അടച്ചു. തുടർന്ന് ജീവനക്കാർ ഒാഫീസ് വിട്ടുപോയി.
കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിലെ ബസുകൾ നിരത്തിലിറക്കിയില്ല. ആകെയുളള 62സർവീസുകളും മുടങ്ങി. പമ്പ സ്പെഷ്യൽ സർവീസുകളെ പണിമുടക്ക് ബാധിച്ചില്ല.
സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ പ്രകടനവും യോഗവും നടത്തി.