ശബരിമല : മകരവിളക്കിനോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതിനാൽ കാനനപാതയിൽ ഭക്തരെ സഹായിക്കാൻ 50 പേരേക്കൂടി നിയോഗിക്കുമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാനനപാതയിൽ കാട്ടാനയുടെ അക്രമണത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തന്റെ കുടുംബത്തിന് വനം വകുപ്പ് പത്തുലക്ഷം രൂപ നൽകും.
വനമേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിൽ ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. കാനനപാതയിൽ ഇടത്താവളങ്ങൾ ഒരുക്കി തീർത്ഥാടകർക്ക് വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ചുക്കുവെള്ള വിതരണവും, മെഡിക്കൽ ക്യാമ്പും നടത്തുന്നുണ്ട്.
കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി എസ് തിരുമേനി, കോട്ടയം പ്രോജക്ട് ടൈഗർ ഫീൽഡ് ഡയറക്ടർ കെ ആർ അനൂപ്, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ വിജയാനന്ദ്, ഡെപ്യൂട്ടി ഡയറക്ടർ സി കെ ഹാബി, ഡിഎഫ്ഒമാരായ എം ഉണ്ണികൃഷ്ണൻ, കെ എൻ ശ്യാം മോഹൻലാൽ, വൈ. വിജയൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.