കോന്നി: വർഷം മുഴുവൻ വായിച്ചാൽ തീരാത്ത കത്തുകളും, ആശംസകാർഡുകളുമാണ് ഒരു മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പന്റെ പേരിൽ സന്നിധാനത്തെ പോസ്റ്റ് ഒാഫീസിലെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കത്തുകളും മണിയോർഡറുകളുമെത്തുന്നത്. ഗൃഹപ്രവേശന ചടങ്ങുകൾ, വിവാഹം, വിവാഹ നിച്ഛയം, കുട്ടികളുടെ ചോറൂണ്, എന്നിവയുടെ ക്ഷണക്കത്തുകളും ഉദിഷ്ടകാര്യസിദ്ധിക്കുള്ള കത്തുകളുമാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇഗ്ലീഷ്, തുടങ്ങിയ ഭാഷകളിലുള്ള കത്തുകളും, ആശംസകാർഡുകളുമാണ് കൂടുതൽ. വിദേശ രാജ്യങ്ങളിൽ നിന്നും കത്തുകളുണ്ട്. കത്തുകളും, മണിഓർഡറുകളും നടയിൽ സമർപ്പിച്ച ശേഷം ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസർക്ക് കൈമാറും. 1984 ലാണ് സന്നിധാനത്തെ പോസ്റ്റ് ഒാഫീസ് പ്രവർത്തനമാരംഭിച്ചത്. 689713 ആണ് പിൻകോഡ്, വർഷത്തിൽ മൂന്ന് മാസം മാത്രം പ്രവർത്തിക്കുന്ന പോസ്റ്റ് ഒാഫീസ് എന്ന പ്രത്യേകതയുമുണ്ട്'. പതിനെട്ടാം പടിയും, അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്നതാണ് തപാൽ മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാൽ വകുപ്പിന് ഇത്തരം വേറിട്ടമുദ്രകളില്ല. മണ്ഡലകാലം കഴിഞ്ഞാൽ ഈ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാറ്റും. മണ്ഡലകാലം കഴിഞ്ഞുള്ള കത്തുകളും, മണി ഓർഡുകളും വടശേരിക്കര പോസ്റ്റ് ഒാഫീസിലാണെത്തുന്നത്. അവിടെ നിന്ന് പമ്പയിലെ ബ്രാഞ്ച് ഓഫീലെത്തിച്ചശേഷം സന്നിധാനത്തെക്ക് കാൽനടയായി കൊണ്ടുവരും. പോസ്റ്റ് മാസ്റ്റർക്ക് പുറമേ രണ്ട് പോസ്റ്റ്മാൻ, രണ്ട് പോസ്റ്റൽ അസിസ്റ്റന്റ് എന്നിവരാണ് സന്നിധാനത്തെ പോസ്റ്റ് ഒാഫീസിലുള്ളത്.