മല്ലപ്പള്ളി: നാലാമത് ജില്ലാ പുസ്തകോത്സവം 22ന് മല്ലപ്പള്ളിയിൽ ആരംഭിക്കും. രാവിലെ 10ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.സുരേഷ് ചെറുകര അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും കെ.എസ്.എഫ്.ഇ.യുടെയും സഹകരണത്തോടെയാണ് മേള നടത്തുന്നത്. പഞ്ചായത്ത് സാംസ്‌കാരിക നിലയം, വലിയപ്ലാവുങ്കൽ ഹാൾ എന്നിവിടങ്ങളിലായാണ് മേള ഒരുക്കിയിരിക്കുന്നത്.ശാസ്ത്രം, കല, സാഹിത്യം,കായികം, കാരുണ്യം എന്നീ മേഖലകളിൽ ശ്രദ്ധേയരായവർക്ക് ഉദ്ഘാടന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചന്ദ്രയാൻ പദ്ധതിക്ക് ചുക്കാൻ പിടിച്ച തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റർ വെഹിക്കിൾ ഡയറക്ടറും വായ്പൂര് പെരിഞ്ചേരിമണ്ണിൽ കുടുംബാംഗവുമായ പി.എം.ഏബ്രഹാം (ശാസ്ത്രം),സിനിമ സംഗീതജ്ഞൻ വിനു തോമസ്(കല), ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂൾ അദ്ധ്യാപകൻ അനീഷ് തോമസ് (കായികം),കരുണ ഓട്ടോ ഫ്രണ്ട്‌സ്(കാരുണ്യം) എന്നിവർക്ക് പുരസ്‌കാരങ്ങൾ സമർപ്പിക്കും.സാഹിത്യ മേഖലയിൽ പ്രൊഫ.ടോണി മാത്യു സ്മാരക അവാർഡാണ് നൽകുക. ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് സയൻസ് ക്ലബുകൾ തിരഞ്ഞെടുക്കുന്ന 50 കുട്ടികൾ ശാസ്ത്രജ്ഞനുമായി അഭിമുഖം നടത്തും.സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ പ്രോജക്ടുകൾ അവതരിപ്പിക്കും.മേളയുടെ രണ്ടാം ദിനമായ 23ന് രാവിലെ 10.30 ന് ആരോഗ്യ സെമിനാർ തുടങ്ങും. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും.ജില്ലാ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ താലൂക്ക് ആശുപത്രിയിലെ അടക്കമുള്ള ഡോക്ടർമാർ ക്ലാസെടുക്കും. മെഡിക്കൽ പരിശോധന സൗകര്യവുംഏർപ്പെടുത്തിയിട്ടുണ്ട്. 24ന് രാവിലെ 10.30ന് തുടങ്ങുന്ന കാർഷികമേള രാജു ഏബ്രഹാം എം.എൽ.എ.ഉദ്ഘാടനം ചെയ്യും.ജില്ലാ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധർ ക്ലാസെടുക്കും. 25ന് രാവിലെ 10.30ന് തുടങ്ങുന്ന സാഹിത്യസദസ് അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും.2.30ന് കായിക സെമിനാർ നടക്കും.കെ.എസ്.എഫ്.ഇ.ചെയർമാൻ പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യും.വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തും.