മല്ലപ്പള്ളി: സർഗഭാവനങ്ങൾ പ്രകടിപ്പിക്കുന്നതിന് ശാരീരിക പരിമിതികൾ തടസമാകില്ലെന്ന് തെളിയിച്ച് മല്ലപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ ഒന്നാമത് കലോത്സവം ശ്രദ്ധേയമായി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഹാളിൽ നടന്ന കലോത്സത്തിന്റെ സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്.രാജമ്മ അദ്ധ്യക്ഷയായിരുന്നു. ഭിന്നശേഷിയുള്ളവരുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെയും കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് അങ്കനവാടി പ്രവർത്തകരുടെ സഹകരണത്തോടെ കലോത്സവം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് രോഹിണി ജോസ്,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് കുമാർ വടക്കേമുറി, പഞ്ചായത്ത് അംഗങ്ങളായ മേരി സജി,ജേക്കബ് തോമസ്,രമ്യാ മനോജ്,സെക്രട്ടറി പി.കെ.ജയൻ, സി.ഡി.പി.ഒ പി.എ. അഗസ്റ്റീന,ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എൻ.എസ്.സുമ, അഞ്ജുകൃഷ്ണ,എസ്.ആർ. സോണി എന്നിവർ പ്രസംഗിച്ചു.മത്സരത്തിൽ പങ്കെടുത്ത് മികവ് തെളിയിച്ചവർക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.